ന്യൂഡല്‍ഹി: സിങ്കിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ റൂട്ട് വഴി ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇതിഹാസ സംരംഭകന്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രോണിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല രംഗത്ത്.
ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ടെസ്ല കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.
ഇതോടെ ഇന്ത്യന്‍ വിപണിയിലേക്ക് ടെസ്‌ല എത്തില്ലെന്ന വാര്‍ത്തകള്‍ക്ക് വിരാമമിടുകയാണ്.
ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവയും കമ്പനിയുടെ ആവശ്യങ്ങളും സംബന്ധിച്ച് ഇക്കഴിഞ്ഞ ജൂണില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
തദ്ദേശീയമായി ഫാക്റ്ററി യൂണിറ്റ് വികസിപ്പിക്കുന്നതു വരെ ഇറക്കുമതി തീരുവയിലും നിയന്ത്രണങ്ങളിലും കേന്ദ്ര സര്‍ക്കാരിനോട് താല്‍ക്കാലിക ആശ്വാസം ആവശ്യപ്പെട്ടതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.
അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ടെസ്‌ലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇറക്കുമതി തീരുവയില്‍ ഇളവ് അനുവദിക്കുക എളുപ്പമായിരിക്കില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ്) സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയതിനു തൊട്ടുപുറകെയാണ് ഇന്ത്യന്‍ വിപണിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ടെസ്‌ല വീണ്ടും മുന്നോട്ടുവന്നിട്ടുള്ളത്.
2030 ആകുമ്പോഴേക്കും ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് കാറുകള്‍ മാത്രം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നിതിന്‍ ഗഡ്കരി അന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മാരുതി, ഫോര്‍ഡ് തുടങ്ങിയ കമ്പനികള്‍ ഇതിനോടകം ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ചുവടുവെക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ടെസ്‌ല പ്രകടിപ്പിക്കുന്ന താല്‍പ്പര്യം കമ്പനിയില്‍ കേന്ദ്ര സര്‍ക്കാരിനുമുണ്ട്. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശത്തിനിടെ കമ്പനി ആസ്ഥാനം സന്ദര്‍ശിച്ചത് ടെസ്‌ലയെ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, ഇന്ത്യയില്‍ ഏത് രീതിയില്‍ സര്‍വീസ് ലഭ്യമാക്കാനും ചാര്‍ജിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കാനുമാണ് ടെസ്‌ല പദ്ധതിയിടുന്നത് എന്ന കാര്യം വ്യക്തമല്ല.