ആഗോള തലത്തില്‍ ഏറ്റവുമധികം വില്‍പ്പന നേടിയ വൈദ്യുത കാര്‍ എന്ന നേട്ടവുമായി ടെസ്ല

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഏറ്റവുമധികം വില്‍പ്പന നേടിയ വൈദ്യുത കാര്‍ എന്ന നേട്ടവുമായി ടെസ്ലയുടെ മോഡല്‍ ത്രീ. ഇ.വി വോള്യംസിന്റെ പഠനപ്രകാരം മോഡല്‍ ത്രീ വിഭാഗത്തിന്റെ 1.28 ലക്ഷം കാറുകളാണ് ടെസ്ലയുടെതായി പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്.

ചൈനീസ് നിര്‍മാതാക്കളായ ബെയ്ജിങ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി ഹോള്‍ഡിങ് കമ്പനി ലിമിറ്റഡിന്റെ ‘ഇ യു സീരീസി’നാണ് 2019 ജനുവരി ജൂണ്‍ കാലത്തെ ആഗോള വൈദ്യുത കാര്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനം. ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ കമ്പനിയുടെ ‘ലീഫാ’ണ് മൂന്നാം സ്ഥാനത്ത്.

2018ന്റെ ആദ്യ ആറു മാസത്തിനിടെ 1.01 ലക്ഷം മോഡല്‍ ത്രീയായിരുന്നു ടെസ്ല വിറ്റഴിച്ചത്. മോഡല്‍ ത്രീ വില്‍പനയില്‍ ടെസ്ലയുടെ ജന്മനാടായ അമേരിക്കയാണ് മുന്നില്‍. 69,000 യൂണിറ്റാണ് വില്‍പ്പന ചെ്തിരിക്കുന്നത്. 38,000 മോഡല്‍ ത്രീയാണു കമ്പനി യൂറോപ്പില്‍ വിറ്റത്, ചൈനയിലെ വില്‍പ്പനയാവട്ടെ 12,000 യൂണിറ്റും. ആഭ്യന്തര ഉല്‍പ്പാദനം കൂടി ആരംഭിക്കുന്നതോടെ ചൈനയിലെ മോഡല്‍ ത്രീ വില്‍പ്പന കുതിച്ചുയരുമെന്നാണ് ടെസ്ല പ്രതീക്ഷിക്കുന്നത്.

ബി വൈ ഡി, മിറ്റ്‌സുബിഷി, റെനോ, ഗീലി, സായ്ക് മോട്ടോര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് തുടങ്ങിയ നിര്‍മാതാക്കളും വൈദ്യുത കാര്‍ വില്‍പ്പനയിലെ ആദ്യ പത്ത് സ്ഥാനക്കാരുടെ പട്ടികയിലുണ്ട്. 20,000 മുതല്‍ 30,000 യൂണിറ്റ് വരെയാണ് വിവിധ നിര്‍മാതാക്കളുടെ അര്‍ധ വാര്‍ഷിക വില്‍പ്പന. പ്ലഗ് ആഗോള വൈദ്യുത വാഹന വില്‍പ്പനയില്‍ 57 ശതമാനവും ചൈനയുടെ സംഭാവനയാണ്. പുതിയ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയില്‍ 2018ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 66 ശതമാനം വളര്‍ച്ച കൈവരിക്കാനും ചൈനയ്ക്കു സാധിച്ചെന്നാണു കണക്ക്. ഇക്കൊല്ലത്തിന്റെ ആദ്യ പകുതിയിലെ മൊത്തം പ്ലഗ് ഇന്‍ വാഹന വില്‍പ്പന 11,34,000 യൂണിറ്റിലെത്തിയെന്നാണ് കണക്ക്. 2018 ജനുവരി ജൂണ്‍ കാലത്തെ അപേക്ഷിച്ച് 46 ശതമാനം അധികമാണിത്.

Top