വണ്ടിയോടിക്കുമ്പോൾ ആപ്പിള്‍ വിഷന്‍ പ്രോ ധരിക്കരുത്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ടെസ്ല

പ്പിളിന്റെ പുതിയ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ ആപ്പിള്‍ വിഷന്‍ പ്രോ വിപണിയിലെത്തിയിയിട്ട് അധികമായില്ല. ഒരു പുതിയ ഉപകരണം ജനങ്ങളിലേക്കെത്തിയതിന്റെ സകല പൊല്ലാപ്പുകളും വിഷന്‍ പ്രോ ഉണ്ടാക്കുന്നുണ്ട്. അതിലൊന്നാണ് വിഷന്‍ പ്രോ ധരിച്ചുകൊണ്ടുള്ള ഉപഭോക്താക്കളുടെ ഡ്രൈവിങ്.

വിഷന്‍ പ്രോ ധരിച്ച് ടെസ് ല കാറുകള്‍ ഓടിക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി പീറ്റ് ബുട്ടിഗീഗ് മുന്നറിയിപ്പും പുറത്തിറക്കി. ഇന്ന് ലഭ്യമായ എല്ലാ അത്യാധുനിക ഡ്രൈവിങ് സംവിധാനങ്ങളും മനുഷ്യ ഡ്രൈവറുടെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ ആയിരിക്കണം എന്നും എല്ലാ സമയവും ഡ്രൈവിങില്‍ ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷന്‍ പ്രോ ധരിച്ച് ടെസ് ല കാര്‍ ഓട്ടോപൈലറ്റ് മോഡില്‍ ഓടിച്ച ഒരാളെ പോലീസ് വളയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

കഴിഞ്ഞയാഴ്ചയാണ് വിഷന്‍ പ്രോ ഹെഡ്‌സെറ്റ് വിപണിയിലെത്തിയത്. വീഡിയോ ഗെയിമുകള്‍, സിനിമകള്‍ എന്നിവ വിര്‍ച്വല്‍ സ്‌പേസില്‍ ആസ്വദിക്കാനാവുന്നതിനൊപ്പം കംപ്യൂട്ടര്‍ അധിഷ്ടിത ജോലികളും ഇതില്‍ ചെയ്യാനാവും. 3500 ഡോളര്‍ വിലയുള്ള ഈ ഉപകരണം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലും യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ഉപയോഗിക്കരുത് എന്ന് കമ്പനി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Top