test cricket ; west indies and india

കിങ്സ്റ്റണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനു ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ 196 ന് ഓള്‍ഔട്ടായി.

ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ 52.3 ഓവര്‍ മാത്രമാണ് കരീബിയന്‍ ബാറ്റിംഗ് നിര പിടിച്ചു നിന്നത്. 52 റണ്‍സിന് അഞ്ചു വിക്കറ്റു വീഴ്ത്തിയ അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്.

ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെയും ഡാരെന്‍ ബ്രാവോയേയും സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെത്തിയപ്പോഴേക്കും തൊട്ടടുത്ത പന്തുകളില്‍ മടക്കി ഇശാന്ത് ശര്‍മയാണ് ഇന്ത്യയ്ക്ക് മിന്നും തുടക്കം നല്‍കിയത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ ബ്രാത്‌വെയ്റ്റിനെ (ഒന്ന്) ഷോര്‍ട് ലെഗില്‍ പൂജാരയുടെ കയ്യിലെത്തിച്ചു.

അടുത്ത പന്തില്‍ ബ്രാവോ സ്ലിപ്പില്‍ കോഹ്‌ലിയുടെ ഉജ്വല ക്യാച്ചില്‍ പൂജ്യനായി മടങ്ങി. അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ രാജേന്ദ്ര ചന്ദ്രികയെ ഷമിയും മടക്കിയതോടെ വിന്‍ഡീസിന്റെ നില പരിതാപകരമായി.

എന്നാല്‍ ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ജര്‍മെയ്ന്‍ ബ്ലാക്ക്‌വുഡും (62) മര്‍ലോണ്‍ സാമുവല്‍സും വിന്‍ഡീസിന് പ്രതീക്ഷ പകര്‍ന്നു. പക്ഷേ മികച്ച രീതിയില്‍ പന്തെറിഞ്ഞ അശ്വിനെയും മികച്ച കളി പുറത്തെടുത്ത ടീം ഇന്ത്യയേയും മറികടക്കാന്‍ സാമുവല്‍സിന്റെ ബാറ്റിംഗിനാകുമായിരുന്നില്ല.

കമ്മിന്‍സ് 24 റണ്‍സ് നേടി പുറത്താകാതെ നിന്നു. മഴ പെയ്തതിനാല്‍ കളി ഇടയ്ക്കു തടസ്സപ്പെട്ടിരുന്നു.

Top