ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി സുരക്ഷ പഠിക്കാൻ 26ന് പരീക്ഷണ വിക്ഷേപണം

തിരുവനന്തപുരം : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) 26 ന് നടക്കും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 26 ന് പരീക്ഷണ വിക്ഷേപണം നടത്താനുള്ള ഒരുക്കവുമായാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പ്രവർത്തനങ്ങൾ തുടരുന്നത്. ഗഗൻയാൻ വിക്ഷേപിച്ച ശേഷം ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് അപകടമുണ്ടായാൽ യാത്രികരെ സുരക്ഷിതമായി ഭൂമിയിലെത്തിക്കുന്ന സംവിധാനത്തിന്റെ കൃത്യത പരീക്ഷിക്കുന്ന ടിവി–ഡി1, ദൗത്യത്തിലെ പ്രധാന നാഴികക്കല്ലായാണ് ഐഎസ്ആർഒ കണക്കാക്കുന്നത്.

യാത്രികരെ കയറ്റാൻ ഉപയോഗിക്കുന്ന ക്രൂ മൊഡ്യൂൾ (സിഎം), അപകടമുണ്ടായാൽ യാത്രക്കാരെ രക്ഷിക്കാൻ വളരെവേഗം പ്രവർത്തനം തുടങ്ങുന്ന ഖര മോട്ടറോടു കൂടിയ ക്രൂ എസ്കേപ് സിസ്റ്റം (സിഇഎസ്), ക്രൂ മൊഡ്യൂൾ ഫെയറിങ്, ഇന്റർഫേസ് അഡാപ്ടറുകൾ എന്നീ ഉപകരണങ്ങളുമായി പരീക്ഷണ വിക്ഷേപണം നടത്താൻ ജിഎസ്എൽവി റോക്കറ്റിന്റെ സ്ട്രാപ്–ഓൺ ലിക്വിഡ് മോട്ടറുകളിൽ (എൽ40) ഒരെണ്ണമാണ് ഉപയോഗിക്കുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പറന്നുയരുന്ന റോക്കറ്റ് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിനു മുകളിൽ 17 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴാണ് ക്രൂ എസ്കേപ് സിസ്റ്റം പ്രവർത്തിക്കുകയും ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നു വേർപെടുകയും ചെയ്യുക. ഉടൻ പാരഷൂട്ടുകൾ വിടരും. ‌കടലിൽ സുരക്ഷിതമായി പതിക്കുന്ന ക്രൂ മൊഡ്യൂളിനെ നാവികസേനയുടെ ഡൈവിങ് സംഘം വീണ്ടെടുത്ത് കപ്പലിൽ എത്തിക്കും.

ബഹിരാകാശ യാത്രികരെ കയറ്റാതെ, യഥാർഥ ഗഗൻയാൻ ദൗത്യത്തിന്റെ സാഹചര്യങ്ങൾ പരീക്ഷിക്കാനുള്ള ആളില്ലാ ഗഗൻ‍യാൻ ദൗത്യം 2024 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുമെന്നു സൂചന. യഥാർഥ ദൗത്യത്തിനു മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണം അതാണ്. അതിനു മുൻപ് യഥാർഥ ക്രൂ മൊഡ്യൂളിന്റെ ഭാരവും വലുപ്പവുമുള്ള ക്രൂമൊഡ്യൂൾ ഹെലികോപ്റ്ററിൽ നിശ്ചിത ഉയരത്തിലെത്തിച്ച ശേഷം താഴേക്കിടുന്ന ഇന്റഗ്രേറ്റഡ് എയർ ഡ്രോപ് പരീക്ഷണങ്ങൾ, പലഘട്ടങ്ങളിലായുള്ള ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനുകൾ എന്നിവയും നടക്കും.

Top