ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മെഡിക്കല്‍ സംഘത്തെ അക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ചുപേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 73 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചതിന് 17 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഏപ്രില്‍ 15 ന് മൊറാദാബാദിലെ നവാബ്പുരയില്‍ കൊവിഡ് 19 ബാധിച്ച വ്യക്തിക്ക് ഐസോലേഷന്‍ സജ്ജീകരണങ്ങള്‍ക്കായി എത്തിയതായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 73 പൊലീസ് ഉദ്യോസ്ഥരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ കല്ലെറിയുകയായിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. കൂടാതെ ഇവര്‍ വന്ന ആംബുലന്‍സും അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. പ്രതികള്‍ക്ക് മേല്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.