തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയാണെങ്കിലും ആശങ്കയായി രണ്ട് ജില്ലകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്ത തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കും. തീവ്ര രോഗവ്യാപന മേഖലകളെ ക്രിട്ടിക്കല്‍ കണ്ടെയ്മെന്റ് സോണാക്കും.
തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് താഴെയാണ്. തിരുവനന്തപുരത്ത് 20.21ഉം പാലക്കാട്ട് 23.86മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1,41,759 സാമ്പിളുകള്‍ പരിശോധിച്ചതില്‍ സംസ്ഥാനത്തു ഇന്നലെ 23,513 പേര്‍ക്ക് കൊവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 8455 ആയി.86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
പ്രതിസന്ധിയിലായിരുന്നു മലപ്പുറം ജില്ലയില്‍ ടിപിആര്‍ 17.25 ശതമാനമായി കുറഞ്ഞു. 212 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 30 ശതമാനത്തിന് മുകളിലാണ് ടിപിആര്‍. 17 സ്ഥാപനങ്ങളില്‍ 50 ശതമാനത്തിന് മുകളിലും. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തും.