പനിയുടെ ചൂട് പിടികൂടിയാല്‍, ശരീര വേദന അനുഭവപ്പെട്ടാല്‍ നേരെ ആശുപത്രിയിലേക്ക് പായുകയാണ് ഡല്‍ഹിയിലെ താമസക്കാര്‍. കൊറോണാവൈറസിന്റെ ഭീതി പടര്‍ന്നുപിടിക്കവെയാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ കൊറോണ സ്‌ക്രീനിംഗിന് എത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ച് വരുന്നത്. പരിശോധിച്ച് 5 മിനിറ്റ് കൊണ്ട് തന്നെ സാധാരണ പനിയാണോ, മാരകമായ കൊവിഡ് 19 ആണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയും. പക്ഷെ അതിനായി ഡോക്ടറുടെ മുന്നില്‍ എത്തുന്നത് വരെ രോഗം സംശയിക്കുന്നവര്‍ അനുഭവിക്കുന്ന മാനസികവ്യഥ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല.
ഡല്‍ഹി എയിംസിലും, രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും ഉള്‍പ്പെടെ തലസ്ഥാനത്തെ ആശുപത്രികളില്‍ ഇപ്പോള്‍ ഇതാണ് അവസ്ഥ. കൊറോണാവൈറസ് പിടിപെട്ടതായി സ്വയം സംശയിച്ച് ഡല്‍ഹിയിലെ ആശുപത്രികളില്‍ പരിശോധനയ്ക്ക് എത്തുന്നത് നൂറുകണക്കിന് പേരാണ്. ചൂടുകാലത്ത് ആശ്വാസമായി പെയ്ത മഴ ഇക്കുറി രാജ്യതലസ്ഥാനത്ത് ആശങ്കയാണ് വിതയ്ക്കുന്നത്. മഴ പെയ്തിറങ്ങിയതോടെ പലര്‍ക്കും പനി ബാധിച്ചതാണ് ഇതിന് വഴിയൊരുക്കിയത്.
ഡല്‍ഹിയിലും, ഗുരുഗ്രാമിലും 21 രോഗികളാണ് കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. മഴ പെയ്തതോടെ താപനിലയിലുണ്ടായ വ്യതിയാനം ആളുകള്‍ക്ക് ജലദോഷവും, ചെറിയ പനിയും സമ്മാനിക്കുകയാണെന്ന് രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നു. വെള്ളിയാഴ്ച മാത്രം 275 പേര്‍ കൊറോണ സ്‌ക്രീനിംഗിന് ഹാജരായി. ഇതില്‍ 80 ശതമാനം പേര്‍ക്കും മരുന്ന് നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.
രണ്ട് ദിവസം മുന്‍പ് ഒപ്പോ ഫോണ്‍സ് ജീവനക്കാരനായ ചൈനക്കാരന് പനി രൂപപ്പെട്ടപ്പോഴും ആശങ്ക ഉയര്‍ന്നിരുന്നു, വീട്ടില്‍ ഐസൊലേഷനിലായ ഇയാള്‍ പരിശോധനയില്‍ നെഗറ്റീവായി. രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് ആരോഗ്യ അധികൃതരെ കുഴപ്പത്തിലാക്കുകയാണ്. ഇത്തരം 440 പേരാണ് വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
രാംമനോഹര്‍ ലോഹ്യയിലും, സഫ്ദര്‍ജംഗ് ഡോക്ടര്‍മാരും, നഴ്‌സിംഗ് ജീവനക്കാരും 24 മണിക്കൂറും ജോലി ചെയ്യുകയാണ്, നഗരത്തിലെ മറ്റ് ആശുപത്രികള്‍ക്കും കൊറോണ രോഗികളെ പ്രവേശിപ്പിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.