ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി : ആഭ്യന്തര നിര്‍മാണം പ്രോത്സാഹിപ്പിക്കാനും ,കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും, ലക്ഷ്യമിട്ട് 328 ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങള്‍ ഉടന്‍ ഉദാരമാക്കിയേക്കുമെന്നും സൂചനയുണ്ട്. ഫാബ്രിക്കുകള്‍, ഗാര്‍മെന്റുകള്‍, മനുഷ്യ നിര്‍മ്മിത ഫൈബറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവയാണ് വര്‍ധിപ്പിച്ചത്.

5- 10 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്കാണ് 328 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. തീരുവ വര്‍ധന സംബന്ധിച്ച വിജഞാപനം കേന്ദ്ര ധനമന്ത്രാലയം ഉടന്‍ പുറപ്പെടുവിക്കും. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ താരതമ്യേന കുറഞ്ഞ വിലയിലുള്ളതിനാല്‍ നികുതി വര്‍ധിപ്പിക്കുന്നത് ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം പകരുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ 10. 5 കോടി ആളുകളാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ജാക്കറ്റുകള്‍, സ്യൂട്ടുകള്‍, കാര്‍പെറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അമ്പതോളം ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ ജൂലൈയില്‍ സര്‍ക്കാര്‍ 20 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.

Top