ടി.ജി.പുരുഷോത്തമന്‍; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ അസിസ്റ്റന്റ് പരിശീലകന്‍

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മലയാളി പരിശീലകനായ ടി.ജി. പുരുഷോത്തമനെ സീനിയര്‍ ടീമിന്റെ പുതിയ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. 2026 വരെ നീണ്ടു നില്‍ക്കുന്ന 3 വര്‍ഷത്തെ കരാറാണ് ഇദ്ദേഹത്തിന് ക്ലബ് നല്‍കിയത്. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ കോച്ചാക്കിയ വിവരം പങ്കുവെച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് സിസ്റ്റത്തിനൊപ്പം ആയിരുന്നു കഴിഞ്ഞ വര്‍ഷം ടി ജി പുരുഷോത്തമന്‍ പ്രവര്‍ത്തിച്ചത്. പുതിയ പദവി തനിക്ക് ലഭിച്ച ആദരവാണെന്നും യൂത്ത് സംവിധാനത്തിന്റെ ഭാഗമായിരുന്നതിനാല്‍ ക്ലബിന്റെ ശേഷി അറിയാമെന്നും പുരുഷോത്തമന്‍ പറഞ്ഞു.

അസിസ്റ്റന്റ് കോച്ച് എന്ന നിലയില്‍ പുരുഷോത്തമന്‍ ആദ്യ ടീമിന്റെ ഹെഡ് കോച്ചും കളിക്കാരുമായും അടുത്ത് പ്രവര്‍ത്തിക്കും. ടീമിന്റെ തുടര്‍ച്ചയായ വളര്‍ച്ചയും വിജയവും ഉറപ്പാക്കുന്നതിന് സുപ്രധാന പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കും. കൂടാതെ, റിസര്‍വ് ടീമിനും ഫസ്റ്റ് ടീമിനും ഇടയിലുള്ള ഒരു ലിങ്കായി അദ്ദേഹം പ്രവര്‍ത്തിക്കും എന്നും ക്ലബ് പറയുന്നു. അദ്ദേഹം യൂത്ത് സിസ്റ്റത്തിനുള്ളില്‍ തന്റെ നിലവിലുള്ള ഉത്തരവാദിത്തങ്ങള്‍ നിലനിര്‍ത്തും എന്നും ക്ലബ് അറിയിച്ചു.

എ എഫ് സി എ ലൈസന്‍സുള്ള ടി ജി പുരുഷോത്തമന്‍ 2021ല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത് വരെ എഫ് സി കേരളയ്ക്ക് ഒപ്പം ആയിരുന്നു. കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള ഗോള്‍ കീപ്പര്‍ ആണ് പുരുഷോത്തമന്‍.

Top