തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ മുന്നില്‍ നിന്നത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ‘എ’ ഗ്രൂപ്പാണെന്ന് മുന്‍മന്ത്രി ടി.എച്ച്.മുസ്തഫ. ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്ന് ഉമ്മന്‍ ചാണ്ടിക്ക് കൂട്ടായുണ്ടായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ ഇന്നത്തെപ്പോലെ അന്നും അവസരവാദത്തിന്റെ ആള്‍രൂപമായിരുന്നുവെന്നും മുസ്തഫ ആരോപിച്ചു.
അതേസമയം കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെച്ചത് ഗ്രൂപ്പിസം കൊണ്ടല്ലെന്ന് കെ.മുരളധീരന്‍ എംഎല്‍എ പറഞ്ഞു. കരുണാകരന്‍ തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു.
ചാരക്കേസില്‍ കെ.കരുണാകരനെ ചതിച്ചത് നരസിംഹ റാവുവാണെന്നും റാവു കൈവിട്ടില്ലായിരുന്നുവെങ്കില്‍ കരുണാകരന് അപചയമുണ്ടാകില്ലായിരുന്നുവെന്നും മുരളി പറഞ്ഞു. റാവുവിന്റെ നിലപാട് ചതിയാണെന്ന് കരുണാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചുവെന്ന് കരുണാകരന്‍ പറഞ്ഞിട്ടില്ലെന്നും ഇനി ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ പൊതുചര്‍ച്ച നടക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരണശേഷമെങ്കിലും കരുണാകരന്റെ ജീവിതത്തിലെ കറുത്തപാട് നീങ്ങിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.