തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കുവാൻ ശ്രമിച്ചവർക്ക് വൻ തിരിച്ചടിയായി ‘ധനം’

സി.പി.എം സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും സി.ഐ.ടി.യു യൂണിയനും പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്ന ടോമിന്‍ തച്ചങ്കരിക്ക് ഇത് മധുരമായ പ്രതികാരം.

കാല്‍ നൂറ്റാണ്ടായി സ്വന്തം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ ഖജനാവിനെ ആശ്രയിക്കുന്ന ഏര്‍പ്പാടിന് വിരാമമിട്ടിരിക്കുകയാണിപ്പോള്‍ കെ.എസ്.ആര്‍.ടി.സി.

കെ.എസ്.ആര്‍.ടി.സി അക്കൗണ്ടിലെ പണം കൊണ്ടു തന്നെ ജനുവരിയിലെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്നത് തച്ചങ്കരിയെ സംബന്ധിച്ച് വ്യക്തിപരമായും വലിയ നേട്ടം തന്നെയാണ്. 31ന് തന്നെ ശബളം ജീവനക്കാരുടെ പോക്കറ്റില്‍ എത്തും. ഇതിനായി 90 കോടി രൂപയാണ് വേണ്ടിയിരുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ തച്ചങ്കരി നടപ്പാക്കിയ ഷെഡ്യൂള്‍ പുനഃക്രമീകരണവും ശബരിമല സര്‍വ്വീസിലൂടെ ലഭിച്ച തുകയുമാണ് പിടിവള്ളിയായത്. ധൂര്‍ത്തും പാഴ്ചെലവും കര്‍ശനമായാണ് കെ.എസ്.ആര്‍.ടി.സിയില്‍ തച്ചങ്കരി നിയന്ത്രിച്ചിരുന്നത്.

ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കിയതോടെ ദിവസവും 646 പേരുടെ ജോലി ലാഭിക്കാന്‍ കഴിഞ്ഞു. ഇതു വഴിമാത്രം വര്‍ഷം 58.94 കോടിയുടെ ലാഭമാണ് ഉണ്ടാകുന്നത്. അദര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 613 കണ്ടക്ടര്‍മാരെ ബസുകളില്‍ നിയോഗിച്ചതും വരുമാനം ഉയര്‍ത്തി. പമ്പ – നിലയ്ക്കല്‍ പാതയില്‍ കണ്ടക്ടര്‍ ഇല്ലാത്ത ബസ് എന്ന തച്ചങ്കരി ബുദ്ധി ചിലവ് കുറക്കാനും കാരണമായി.

സര്‍ക്കാര്‍ ധനസഹായത്താല്‍ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളിലൂടെ ആക്കിയെങ്കിലും സ്വന്തം വരുമാനത്തില്‍ നിന്നും ശബളം നല്‍കാന്‍ ഇതുവരെ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞിരുന്നില്ല. ശമ്പളം നല്‍കാന്‍ 20 മുതല്‍ 30 കോടി വരെയാണ് എല്ലാ മാസവും സര്‍ക്കാറില്‍ നിന്നും കെ.എസ്.ആര്‍.ടി.സി വാങ്ങിയിരുന്നത്.

ശമ്പളം കൃത്യമായി സ്വന്തം വിയര്‍പ്പില്‍ നിന്നു തന്നെ ഇത്തവണ ലഭിക്കുന്നത് ജീവനക്കാരെ സംബന്ധിച്ച് വലിയ സന്തോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാറിനെ സംബന്ധിച്ചാകട്ടെ വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.

ഭരണപക്ഷം ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളുടെ ഭീഷണിയും എതിര്‍പ്പും നിസഹകരണവുമെല്ലാം അതിജീവിച്ച് നേടിയ ഈ നേട്ടത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്.

ksrtc

മരണാവസ്ഥയിലായ സ്ഥാപനത്തിന് ജീവന്‍ നല്‍കാന്‍ അവസാനത്തെ ശ്രമം എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകം താല്‍പ്പര്യമെടുത്ത് തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി തലപ്പത്ത് പ്രതിഷ്ടിച്ചിരുന്നത്.

മേജര്‍ ‘ഓപ്പറേഷന്‍’ അടക്കം എന്തും നടത്താനുള്ള അനുമതിയും മുഖ്യമന്ത്രി തച്ചങ്കരിക്ക് നല്‍കിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കെ താനുമായി ഇടഞ്ഞ തച്ചങ്കരി അതേ വകുപ്പിനു കീഴില്‍ തന്നെ വരുന്നതിനോട് വകുപ്പ് മന്ത്രി ശശീന്ദ്രന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നെങ്കിലും മിണ്ടാന്‍ കഴിഞ്ഞിരുന്നില്ല. പിണറായിയുടെ തീരുമാനത്തിനെ എതിര്‍ക്കാനുള്ള ശേഷി ആളില്ലാ പാര്‍ട്ടിയുടെ ക്വാട്ടയില്‍ മന്ത്രിയായ അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ പോലും തള്ളി മുഖ്യമന്ത്രി തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഇപ്പോള്‍ ഒരു പരിധിവരെ ടോമിന്‍ തച്ചങ്കരി ശാശ്വതമാക്കിയിരിക്കുന്നത്.

സി.ഐ.ടി.യു സംസ്ഥാന സാരഥിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് ഏറ്റവും കടുത്ത ഭാഷയില്‍ തച്ചങ്കരിക്കെതിരെ പ്രതികരിച്ച ഒരു നേതാവ്.

‘തൊഴിലാളികള്‍ സമരം ചെയ്ത് അധികാരവര്‍ഗ്ഗത്തെ മുട്ടു കുത്തിച്ച സമയം തച്ചങ്കരി ജനിച്ചിട്ടില്ലെന്നും ഇയാളെ ചെത്തു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനാക്കിയാല്‍ തെങ്ങില്‍ കയറുമായിരുന്നു’ എന്നുമായിരുന്നു പരിഹാസം. ജീവനക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാനും യാത്രക്കാരെ കയ്യിലെടുക്കാനും വേണ്ടി കണ്ടക്ടറായി തച്ചങ്കരി മാറിയതിനെതിരെ ആയിരുന്നു ഈ പരിഹാസം.

Tomin Thachankari

മുന്‍ഗാമികള്‍ക്ക് കഴിയാതിരുന്ന പിന്തുണ ജീവനക്കാരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും നേടാന്‍ തച്ചങ്കരിക്ക് ഇത്തരം നടപടികള്‍ മൂലം കഴിഞ്ഞു എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. സകല ട്രേഡ് യൂണിയനുകളെയും സംഘടിപ്പിച്ച് തച്ചങ്കരിക്കെതിരെ സമരം നയിച്ചത് ഭരണപക്ഷ സംഘടനയായ സി.ഐ.ടി.യു തന്നെയാണ്. തച്ചങ്കരിയെ ഏത് വിധേയനേയും പുറത്താക്കാന്‍ പഠിച്ച പണി പതിനെട്ടും അവര്‍ നോക്കിയിട്ടും മുഖ്യമന്ത്രിയുടെ അടുത്ത് വിലപ്പോയില്ല എന്നു മാത്രം. സി.പി.എം സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരും ഈ ആവശ്യം ഉന്നയിച്ച് ഇപ്പോഴും സമ്മര്‍ദ്ദം തുടരുകയാണ്. അവര്‍ക്കാണ് അപ്രതീക്ഷിതമായ ഈ ചരിത്ര നേട്ടം വലിയ പ്രഹരമായിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയെ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ എം.ഡി എന്ന നിലയില്‍ തച്ചങ്കരി സ്വീകരിച്ച കടുത്ത നടപടികളാണ് തൊഴിലാളി സംഘടനകളെ പ്രകോപിതരാക്കിയത്. പണിയെടുക്കാതെ നേതാവ് ചമയുന്ന ഏര്‍പ്പാടിനു മീതെ തച്ചങ്കരി കൈവച്ചത് പ്രകോപനം വര്‍ദ്ധിക്കാന്‍ കാരണവുമായി.

എന്നാല്‍ ഈ പ്രതിഷേധങ്ങളെ ഒന്നും മുഖവിലക്കെടുക്കാതെ സര്‍ക്കാറും മുഖ്യമന്ത്രിയും തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കാനാണ് തച്ചങ്കരി ശ്രമിച്ചത്. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചാണെങ്കിലും ആന വണ്ടിക്ക് ഒരു പുനര്‍ജന്മം നല്‍കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വഴി സാധിച്ചു. ഈ നേട്ടം ഇനി നില നിര്‍ത്തി കൊണ്ടു പോകുന്നതിനും തച്ചങ്കരി മാജിക്കില്‍ തന്നെയാണ് ജീവനക്കാരില്‍ പ്രബല വിഭാഗവും സര്‍ക്കാറും പ്രതീക്ഷയര്‍പ്പിക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയെ ലാഭകരമാക്കാന്‍ നൂതനമായ നിരവധി നടപടികളാണ് തച്ചങ്കരി അണിയറയില്‍ തയ്യാറാക്കുന്നത്. ആ കര്‍ത്തവ്യ ബോധത്തിന് നമുക്ക് നല്‍കാം ഒരു സല്യൂട്ട്.

Top