ബാങ്കോക്ക്: താം ലുവാങ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും അവരുടെ കോച്ചും ആശുപത്രി കിടക്കയിലിരുന്നു സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടു. കുട്ടികള്‍ സംസാരിക്കുന്ന വീഡിയോ ആദ്യമായാണ് പുറത്തുവരുന്നത്.
തങ്ങള്‍ ആരോഗ്യവാന്‍മാരാണെന്നും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നവരോട് നന്ദിയുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഓരോരുത്തരും പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് സംസാരിക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും വെളിച്ചവും ലഭിക്കാതെ ദിവസങ്ങളോളം കഴിയേണ്ടി വന്നതിനാല്‍ കുട്ടികള്‍ അവശരാണെന്നും ചിലര്‍ക്ക് അണുബാധയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് 13 പേരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
വ്യാഴാഴ്ചയോടെ കുട്ടികളെ ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചയക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രി പിയസകോല്‍ സകോല്‍സത്യതോന്‍ വ്യക്തമാക്കി.