ബാങ്കോക്ക്: തായ്‌ലന്‍ഡ് രാജാവായി മഹാവജ്ര ലോംഗ്‌കോണ്‍ രാജകുമാരനെ വാഴിക്കും. കിരീടാവകാശിയായ രാജകുമാരന്റെ സ്ഥാനാരോഹണ നടപടികള്‍ തായ്‌ലന്‍ഡിലെ പാര്‍ലമെന്റില്‍ ആരംഭിച്ചു.
പുതിയ രാജാവായി സ്ഥാനമേല്‍ക്കുന്നതിനായുള്ള ഔദ്യോഗിക ക്ഷണപ്പത്രം രാജകുമാരനു നല്‍കാന്‍ പാര്‍ലമെന്റ് തീരുമാനമെടുത്തു. എന്നാല്‍ സ്ഥാനാരോഹരണ ചടങ്ങുകള്‍ എന്നു നടത്തുമെന്ന് തീരുമാനിച്ചിട്ടില്ല.ക്ഷണപ്പത്രം രാജകുമാരന്‍ അംഗീകരിച്ചാല്‍ മാത്രമേ സ്ഥാനോഹരണ ചടങ്ങുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്തുവിടൂ.
വരുന്ന ചില ദിവസങ്ങള്‍ക്കുള്ളില്‍ നാഷണല്‍ ലെജിസ്റ്റേറ്റീവ് അസംബ്ലി തലവന്‍ വജ്രലോംഗ്‌കോണിനെ നേരില്‍ കാണുമെന്നാണ് വിവരം.
അന്തരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ മകനാണ് ലോംഗ്‌കോണ്‍. വജ്രലോംഗ്‌കോണ്‍ തായ്‌ലന്‍ഡില്‍ അധികം അറിയപ്പെടാത്തയാളാണ്. അദ്ദേഹം അധികസമയവും ജര്‍മനിയിലാണ്.
ഒക്ടോബര്‍ 13നാണ് എഴുപതുവര്‍ഷം തായ്‌ലന്‍ഡിലെ രാജസിംഹാസനം അലങ്കരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവ് അന്തരിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് ഒരു വര്‍ഷമെങ്കിലും ദുഃഖാചരണം നടത്തണമെന്നാണ് രാജകുമാരന്‍ ആഗ്രഹിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.