തായ്‌ലാന്റ് :തായ്‌ലാന്റ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട പൗരത്വമില്ലാത്ത കുട്ടികള്‍ക്കും കോച്ചിനും തായ് ഗവണ്‍മെന്റിന്റെ പൗരത്വം. ഇതില്‍ കോച്ചിനും മൂന്ന് കുട്ടികള്‍ക്കുമാണ് തായ് പൗരത്വമില്ലാതിരുന്നത്. മായ്‌സായ് ജില്ല ചീഫ് സോസാക്ക് കനാകമാണ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കിയത്. പൗരത്വമില്ലാതിരുന്ന ഇവര്‍ക്ക് നേരത്തെ പരിമിത അവകാശങ്ങള്‍ മാത്രമാണ് രാജ്യത്ത് അനുവദിച്ചിരുന്നത്. ഇവര്‍ താമസിക്കുന്ന ചിയാങ് റായ് പ്രവിശ്യക്ക് പുറത്തേക്ക് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. പൗരത്വം നല്‍കിയതോടെ ഈ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. മ്യാന്‍മറില്‍ നിന്ന് കുടിയേറിയ വംശീയ ന്യൂനപക്ഷ വിഭാഗക്കാര്‍ ധാരാളമായുള്ള മേഖലയാണ് മായ്‌സായ് ജില്ല.
സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ 12 കുട്ടികളും കോച്ച് ബ്രദര്‍ ഏക് എന്ന് അറിയപ്പെടുന്ന ഏകാപോള്‍ ചന്താവോങുമാണ് രണ്ടാഴ്ചയോളം മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഗുഹയില്‍ കുടുങ്ങി കിടന്നിരുന്നത്. തായ് ഗവണ്‍മെന്റിന്റെ കണക്ക് പ്രകാരം 4.8 ലക്ഷത്തിലധികം പേര്‍ പൗരത്വമില്ലാത്തവരായി രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൗരത്വമില്ലാത്തവര്‍ക്കും വിദ്യാഭ്യാസമടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 35 ലക്ഷത്തോളം പേര്‍ ഇത്തരത്തില്‍ തായ്‌ലാന്റിലുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നത്. ഇവര്‍ക്ക് വോട്ടവകാശമോ, ഭൂമി വാങ്ങുന്നതിനോ അവകാശമില്ല. പല മേഖലകളിലും തൊഴില്‍ വിലക്കുമുണ്ട്.