തായ്‌ലന്റില്‍ ഗുഹയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നു

തായ്‌ലന്റ്: തായ്‌ലന്റില്‍ ഗുഹക്കുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നു. ഗുഹക്കുള്ളിലെ വെള്ളം പമ്പു ചെയ്ത് നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മല തുരന്ന് അപകടത്തില്‍പ്പെട്ടവരിലേക്കെത്താനും നീക്കമുണ്ട്.പ്രതീക്ഷ കൈവിടാതെ ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് തായ്‌ലന്‍ഡ് സര്‍ക്കാര്‍.

വെള്ളം പമ്പ് ചെയ്ത് പുറത്തു കളയുന്നതിനൊപ്പം മലയുടെ മറ്റൊരു വശം കുഴിച്ച് കുടുങ്ങിപ്പോയവരിലേക്കെത്താനും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. പുതിയ തുരങ്കത്തിലൂടെ ഇന്‍ഫ്രാറെഡ് ക്യാമറയുപയോഗിച്ച് ചിത്രങ്ങളെടുക്കാനും നീക്കമുണ്ട്. പതിനൊന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനുമാണ് കഴിഞ്ഞ ശനിയാഴ്ച ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹാസമുച്ചയത്തില്‍ കുടുങ്ങിയത്.

വനത്തില്‍ പെയ്ത കനത്ത മഴയില്‍ ഗുഹയില്‍ വെള്ളം നിറഞ്ഞതോടെ പുറത്തിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു സംഘം. ഗുഹാമുഖം മണ്ണും ചെളിയും അടിഞ്ഞു മൂടി. കര, നാവിക സേനകള്‍ക്ക് പുറമേ യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരും തുരങ്ക നിര്‍മാതാക്കളും അടങ്ങുന്ന നൂറുകണക്കിനു പേരാണു രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.

TAI-2

ഗുഹയിലെ വെള്ളം അടിച്ചുകളയാന്‍ ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ സ്ഥാപിച്ചെങ്കിലും മഴ കനത്തതോടെ ശ്രമം വിഫലമായി. 10 കിലോമീറ്റര്‍ നീളമുള്ള ഗുഹ തായ്‌ലന്‍ഡിലെ ഏറ്റവും വലിയ ഗുഹകളിലൊന്നാണ്. സഞ്ചാരികള്‍ക്ക് 800 മീറ്റര്‍ ഉള്ളിലേക്കു മാത്രമാണു പ്രവേശനം.

TAI-3

ഗുഹയ്ക്കു സമാന്തരമായി ഏഴു കിലോമീറ്റര്‍ ദൂരത്തില്‍ സമാന്തരപാത നിര്‍മിക്കാനുള്ള ശ്രമവും തുടരുകയാണ്. ഗുഹാമുഖത്തുനിന്നു കുട്ടികളുടെ സൈക്കിളുകളും ഷൂസും ബാക്ക്പാക്കും കണ്ടെത്തിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളുള്‍പ്പെടെയുള്ള ബന്ധുക്കളും ഗുഹയ്ക്കു മുന്നില്‍ പ്രാര്‍ഥനയോടെ തമ്പടിച്ചിട്ടുണ്ട്.

Top