തായ്‌ലാൻഡിൽ കാട്ടാന വീട്ടിലെത്തി പലഹാരം മോഷ്‌ടിച്ചു

ഹുവഹിൻ: തായ്‌ലാൻഡിൽ പലഹാരത്തിനായി കാടുവിട്ട് കാട്ടാന നാട്ടിലെത്തി. അടുക്കളയിലേക്ക് തുമ്പിക്കൈ നീട്ടിയാണ് കാട്ടാന പലഹാരം ആവശ്യപ്പെടുന്നത്. തായ്‌ലാൻഡിലെ ഹുവ ഹിന്നിലാണ് സംഭവം. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗ്രാമത്തിലെ സ്ഥിരം സന്ദർശകനായ ബൂൺമീ എന്ന ആനയെത്തിയത്. അടുക്കളയിൽ നിന്നും ശബ്‌ദം കേട്ട് നോക്കിയപ്പോഴാണ് അലമാരയിൽ നിന്നും ആന തുമ്പിക്കൈ ഉപയോഗിച്ച് പലഹാരം എടുക്കുന്നത് കണ്ടതെന്ന് വീട്ടുടമ പറഞ്ഞു.

ആദ്യമായി അല്ല വീട്ടിൽ ബൂൺമീ എത്തുന്നതും പലഹാരം എടുക്കുന്നതും. ഉപ്പുള്ള പലഹാരങ്ങളോടാണ് ബൂൺമീക്ക് പ്രീയം. കാട്ടിൽ ഉപ്പിന്‍റെ അംശമുള്ള ഭക്ഷണം ലഭിക്കാത്തതിനാലാകാം ആന കാടിറങ്ങി ഗ്രാമത്തിലെത്തുന്നത് എന്ന് വെറ്ററിനറി ഡോക്‌ടറായ പട്ടറപോൾ മാനിയോൺ പറഞ്ഞു. സംഭവം ഇനിയും ആവർത്തിക്കാതിരിക്കാനായി വീട്ടിൽ നിന്നും ഉപ്പുള്ള പലഹാരങ്ങൾ മാറ്റണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Top