തലൈവര്‍ ചിത്രത്തില്‍ രാഷ്ട്രീയമുണ്ടാകില്ലെന്ന് കാര്‍ത്തിക്ക് സുബ്ബരാജ്

കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനികാന്ത് ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴില്‍ വ്യത്യസ്തമാര്‍ന്ന സിനിമകള്‍ ഒരുക്കിയ കാര്‍ത്തിക്കും തലൈവരും ആദ്യമായി ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുളളത്. രജനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായ കാല,2.0 എന്നിവ പുറത്തിറങ്ങിയ ശേഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നാണ് അറിയുന്നത്.

വിജയ് സേതുപതിയെ നായകനാക്കിയൊരുക്കിയ പിസ എന്ന ചിത്രമായിരുന്നു കാര്‍ത്തിക്ക് സുബ്ബരാജ് ആദ്യമായി തമിഴില്‍ സംവിധാനം ചെയ്തിരുന്നത്. ഒരു ഹൊറര്‍ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. പിസയ്ക്കു പുറമെ ജീഗര്‍തണ്ട, ഇരൈവി തുടങ്ങിയവയും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തിലുളള ഒരു മികച്ച ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി രജനിക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്‌റ്റൈല്‍ മന്നനൊപ്പം സേതുപതി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ വലിയ സന്തോഷമാണ് ഉണ്ടാക്കിയിരുന്നത്. രജനിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിവും ഇതില്‍ ഔദ്യാഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി വന്‍ പ്രതിഫലമാണ് നിര്‍മ്മാതാക്കള്‍ രജനിക്ക് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. 40ദിവസത്തെ ഷൂട്ടിംഗിനായി 65 കോടിയാണ് തലൈവരുടെ പ്രതിഫലമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.ചിത്രത്തില്‍ ബോബി സിംഹ,സിമ്രാന്‍ തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തലൈവര്‍ക്കൊപ്പമുളള ആദ്യ ചിത്രത്തില്‍ രാഷ്ട്രീയം പറയുന്നേയില്ലായെന്നാണ് കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞിരിക്കുന്നത്. രജനിയുടെ മുന്‍ ചിത്രങ്ങള്‍ പോലൊരു സിനിമയായിരിക്കുമോയെന്ന് ചോദിച്ചപ്പോഴാണ് കാര്‍ത്തിക്ക് ഇങ്ങനെ പറഞ്ഞത്. തലൈവര്‍ക്കൊപ്പം ഒരു സിനിമ ചെയ്യുകയെന്നത് തന്റെ സ്വപ്നമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. സ്‌റ്റൈല്‍ മന്നനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാല്‍ അത് ഇത്ര പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കാര്‍ത്തിക്ക് പറഞ്ഞു.

Top