2018 സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസയുമായി തലൈവര്‍; നേരിട്ട് കണ്ട് ജയസൂര്യയും

ന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി നേടിയ 2018 സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നേരിട്ട് കണ്ട് അഭിനന്ദിച്ച് തലൈവര്‍. 2018 സിനിമയെ കുറിച്ച് പറയാന്‍ തനിക്ക് വാക്കുകള്‍ ഇല്ലെന്നും ഓസ്‌കര്‍ ലഭിക്കാന്‍ പ്രാര്‍ഥന ഒപ്പമുണ്ടെന്നും രജനികാന്ത് പറഞ്ഞതായി ജൂഡ് ആന്തണി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

‘എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങള്‍ എങ്ങനെ ഷൂട്ട് ചെയ്തു? അദ്ഭുതകരമായ പ്രവൃത്തിതന്നെ. പോയി ഓസ്‌കര്‍ കൊണ്ടു വാ, എന്റെ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും നിങ്ങളോടൊപ്പമുണ്ട്’. ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്കും നന്ദി.’ എന്ന രജനിയുടെ വാക്കുകളാണ് ജൂഡ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്, നിര്‍മാതാക്കളായ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവരായിരുന്നു രജനിയെ സന്ദര്‍ശിച്ചത്.

നടന്‍ ജയസൂര്യയും രജനിയെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചിരുന്നു.’ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളെ കണ്ടുമുട്ടി. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് എന്റെ പ്രിയ സഹോദരന് റിഷഭ് ഷെട്ടിക്ക് നന്ദി, സര്‍വശക്തന് നന്ദി’ എന്ന് ജയസൂര്യ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്. ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തിനുശേഷമാണ് രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒരുമിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. ഇത് ആദ്യമായാണ് തലസ്ഥാനം രജനീകാന്ത് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ ആകുന്നത്.

Top