നെയ്‌വേലി: നടന്‍ വിജയ് ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും മറ്റുമായി വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. അതേസമയം താരത്തിന്റെ ആരാധകരുടെ വലിയ പ്രതിഷേധമായിരുന്നു സോഷ്യല്‍ മീഡിയയിലും പലയിടങ്ങളിലും ഉണ്ടായിരുന്നത്. മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിനായി തിരിച്ചെത്തിയ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
അതേസമയം വിജയ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസയച്ചത്. സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്.
‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സ്ഥലമായ നെയ്‌വേലിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളമാണ് നീണ്ടു നിന്നിരുന്നത്. വിജയിയുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്.