സിനിമയും സൂപ്പര്‍ താരങ്ങളും രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന സംസ്ഥാനമാണ് തമിഴ് നാട്.
എം.ജി രാമചന്ദ്രനും ജെ.ജയലളിതയും മുഖ്യമന്ത്രിമാരായതും സിനിമയിലെ സൂപ്പര്‍ താര പദവി ഉപയോഗപ്പെടുത്തിയാണ്.
ഇവരുടെ എതിരാളിയായിരുന്ന ഡി.എം.കെ നേതാവ് മുന്‍ മുഖ്യമന്ത്രി കരുണാനിധി പോലും സിനിമാരംഗത്ത് കഴിവ് തെളിയിച്ച നേതാവാണ്. മികച്ച തിരക്കഥാകൃത്ത് കൂടിയായ കരുണാനിധിയുടെ തൂലികയില്‍ നിന്നും അനവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് പിറവിയെടുത്തിരുന്നത്.
ഈ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെയും പിന്‍ഗാമിയായി തമിഴകം ഭരിക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതും മൂന്ന് സിനിമാ പ്രവര്‍ത്തകരാണ്. രജനി, കമല്‍, വിജയ് എന്നിവരാണിവര്‍.മൂന്ന് പേരും തമിഴകത്തെ സൂപ്പര്‍ താരങ്ങളുമാണ്.
ഉലകനായകന്‍ കമല്‍ ഹാസന്‍ ഇതിനകം തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.
ലോകസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കിട്ടിയില്ലങ്കിലും വോട്ടിങ് ശതമാനത്തില്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ‘മക്കള്‍ നീതിമയ്യം’ ഞെട്ടിച്ചിരുന്നു.
എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ ‘ഇന്ത്യന്‍’ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കമലിന്റെ ഇപ്പോഴത്തെ നീക്കം. ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന ഈ സിനിമയുടെ ഒരു ഗാന ചിത്രീകരണത്തിന് വേണ്ടി മാത്രം കോടികളാണ് ചിലവിട്ടിരിക്കുന്നത്.
അഴിമതിക്കെതിരെ പോരാടുന്ന സ്വതന്ത്ര സമര സേനാനി സേനാപതിയുടെ പുനരവതാരമായാണ് ‘ഇന്‍ഡ്യനില്‍’ കമല്‍ വീണ്ടുമെത്തുന്നത്.
2021ല്‍ നടക്കുന്ന തമിഴ് നാട് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഈ സിനിമ റിലീസ് ചെയ്യാനാണ് പദ്ധതി.
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും തിരക്കിട്ട ഷൂട്ടിങ്ങിലാണിപ്പോള്‍. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ‘ഡര്‍ബാര്‍’ ആണ് പുതിയ ചിത്രം. ഒരു ഐ.പി.എസ് ഓഫീസറുടെ റോളിലാണ് ഈ സിനിമയില്‍ രജനി എത്തുന്നത്.
അഴിമതിക്കും ക്രിമിനല്‍ വാഴ്ചക്കുമെതിരെ പോരാടുന്ന കഥാപാത്രങ്ങളെയാണ് രണ്ട് താരങ്ങളും അവതരിപ്പിക്കുന്നത്.
‘ഇന്ത്യന്‍ 2’ വില്‍ കമല്‍ കത്തിയെടുക്കുമ്പോള്‍ ഡര്‍ബാറില്‍ രജനി തോക്കെടുക്കുന്നു എന്ന വ്യത്യാസം മാത്രമാണുള്ളത്.
തിയറ്ററില്‍ കിട്ടുന്ന കയ്യടി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് താരങ്ങളുടെ സകല നീക്കങ്ങളും.
രജനിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അധികം താമസിയാതെ തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.
രജനിക്കും കമലിനും മുന്‍പേ രാഷ്ട്രീയമോഹം കൊണ്ടു നടന്ന താരമാണ് വിജയ്.
”തലൈവ”എന്ന സിനിമയിലൂടെ ആയിരുന്നു ആ തുടക്കം. ഈ സിനിമയുടെ ‘ടൈം ടു ലീഡ് ‘ എന്ന സബ് ടൈറ്റില്‍ പോലും ജയലളിത ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു.ഇതുമൂലം ഏറെ പ്രതിസന്ധികളെയാണ് ‘തലൈവ’ സിനിമക്ക് അനുഭവിക്കേണ്ടി വന്നിരുന്നത്.
ഇതിനു ശേഷം ഇറങ്ങിയ വിജയ് സിനിമകളും വലിയ വിവാദത്തിലാണ് കലാശിച്ചിരുന്നത്. സമീപകാലത്ത് ഇറങ്ങിയ മെര്‍സല്‍ , സര്‍ക്കാര്‍ സിനിമകള്‍ തന്നെ പ്രകടമായ ഉദാഹരണങ്ങളാണ്.
മെര്‍സല്‍ ബി.ജെ.പി നേതൃത്വത്തെയാണ് ചൊടിപ്പിച്ചതെങ്കില്‍ ‘സര്‍ക്കാര്‍’ സിനിമക്കെതിരെ രംഗത്ത് വന്നത് അണ്ണാ ഡി.എം.കെ ആയിരുന്നു. ജയലളിതയെ അപമാനിച്ചു എന്നതായിരുന്നു ഭരണപക്ഷത്തിന്റെ പ്രധാന ആരോപണം.
അതേസമയം പ്രതിസന്ധികളും വിവാദങ്ങളുമെല്ലാം തമിഴകത്ത് വിജയ് എന്ന ദളപതിയുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
ദളപതിയുടെ ഏറ്റവും പുതിയ സിനിമയായ ബിഗിലും ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. സംവിധായകന്‍ അറ്റ്‌ലി കഥ മോഷ്ടിച്ചുവെന്നതാണ് പുതിയ ആരോപണം.
ഇതു സംബന്ധമായി ശെല്‍വ എന്നയാള്‍ നല്‍കിയ പരാതിയിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.ഈ വിവാദം തമിഴകത്തിപ്പോള്‍ അരങ്ങ് തകര്‍ക്കുകയാണ്.
വിജയ് സിനിമകളെ മാത്രം ലക്ഷ്യമിട്ട് തുടര്‍ച്ചയായി തടസ്സങ്ങള്‍ വരുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.
ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള തമിഴ് താരം എന്ന പദവിയില്‍ രജനിയെയും കടത്തിവെട്ടിയിരിക്കുകയാണിപ്പോള്‍ വിജയ്.
ബിഗില്‍ ട്രയിലര്‍ ഒരാഴ്ചയില്‍ മാത്രം കണ്ടത് നാല് കോടിക്കകത്ത് ജനങ്ങളാണ്. 22 ലക്ഷം ലൈക്കും ഈ ചുരുങ്ങിയ ദിവസത്തിനകം ട്രയിലറിന് മാത്രം ലഭിച്ചിട്ടുണ്ട്.
ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ വിജയ് സിനിമയുടെ ഈ നേട്ടത്തെ പ്രകീര്‍ത്തിച്ച് രംഗത്ത് വരുന്ന സാഹചര്യവും നിലവില്‍ ഉണ്ട്.
അതായത് ഒറ്റ ട്രെയിലറില്‍ തന്നെ രാജ്യത്തെ മുന്‍നിര താരപ്പട്ടികയിലാണ് വിജയ് ഇപ്പോള്‍ എത്തിയിരിക്കുന്നത് എന്ന് വ്യക്തം.
തമിഴകത്തെ രാഷ്ട്രീയ നേതൃത്വങ്ങളെ മാത്രമല്ല രജനിയുടെ പോലും ചങ്കിടിപ്പിക്കുന്ന കാര്യമാണിത്.
2021ലെ. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ് പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചാലും ഇല്ലങ്കിലും അദ്ദേഹത്തിന്റെ നിലപാട് ഏറെ നിര്‍ണ്ണായകമാകും. വിജയ് ആരെ പിന്തുണച്ചാലും ആ വിഭാഗത്തിന് മേല്‍ക്കോയ്മ ലഭിക്കാനാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യത.
ഇത്തവണ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലങ്കിലും ഭാവിയില്‍ വിജയ് ഒരു കൈ നോക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
സ്വന്തമായി പതാകയുള്ള രാജ്യത്തെ ഏക ഫാന്‍സ് അസോസിയേഷനാണ് ദളപതിക്കുള്ളത്. രാഷ്ട്രീയ പ്രവേശനം മുന്നില്‍ കണ്ട് തന്നെയാണ് വിജയ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പറയപ്പെടുന്നത്. തമിഴകത്തെ കൊച്ച് കുട്ടികള്‍ക്ക് പോലും വിജയ് യുടെ ചിത്രം അലേഖനം ചെയ്ത ഈ വെള്ള പതാക സുപരിചിതമാണ്.
സമീപകാലത്ത് പുറത്തിറങ്ങിയ തന്റെ എല്ലാ സിനിമകളിലൂടെയും രാഷ്ട്രിയ കാഴ്ചപ്പടുകളും വിജയ് തുറന്ന് പറഞ്ഞിട്ടുണ്ട്.
‘കത്തി’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ കര്‍ഷകരുടെ കണ്ണീരിനൊപ്പം കമ്യൂണിസത്തിന്റെ പ്രസക്തിയും വിജയ് പറയുകയുണ്ടായി.
മെര്‍സലില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് ആഞ്ഞടിച്ചിരുന്നത്. സര്‍ക്കാര്‍ എന്ന സിനിമയിലൂടെ അണ്ണാ ഡി.എം.കെ സര്‍ക്കാറിനെയും വിജയ് മുള്‍മുനയില്‍ നിര്‍ത്തുകയുണ്ടായി.
ഇപ്പോള്‍ പുറത്തിറങ്ങുന്ന ബിഗിലില്‍ വനിതാ ഫുട്‌ബോള്‍ കഥയാണ് പറയുന്നതെങ്കിലും അകത്ത് തീവ്രമായ പലതുമുണ്ട്. രാഷ്ട്രീയ നേതൃത്വങ്ങളെ ആശങ്കപ്പെടുത്തുന്നതും ഈ സസ്‌പെന്‍സ് തന്നെയാണ്.
Political reporter