തമിഴകത്ത് രാഷ്ട്രീയ – സിനിമാ മേഖലകളിൽ ഇപ്പോൾ നടക്കുന്നത് പൊരിഞ്ഞ പോരാട്ടമാണ്. നീണ്ട ഒരിടവേളക്കു ശേഷം സൂപ്പർ താരങ്ങളായ ‘ദളപതി’ വിജയ് യുടെയും ‘തല’ അജിത്തിന്റെയും സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണിപ്പോൾ സകല അതിർ വരമ്പുകളും ലംഘിച്ച് ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ഈ വിവാദങ്ങൾക്ക് രാഷ്ട്രീയ നിറംകൂടിയാണ് ചാർത്തപ്പെട്ടിരിക്കുന്നത്.
ജനുവരി 12ന് വിജയ് നായകനായ ‘വാരിസിന്റെ’ റിലീസ് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ഇതേ തിയ്യതിയിൽ തന്നെ സിനിമ റിലീസ് ചെയ്യാൻ അജിത് നായകനായ ‘തുനിവിന്റെയും’ വിതരണക്കാർ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഇത് മാറ്റി ഒരു ‘മുഴം മുൻപേ’ ജനുവരി 11 ന് തുനിവ് റിലീസ് ചെയ്യുമെന്ന അറിയിപ്പും പുറത്തു വരികയുണ്ടായി. ഇതോടെ വെട്ടിലായ വാരിസ് ടീം ഇതേ തിയ്യതി യിൽ തന്നെ റിലീസ് ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതോടെ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബോക്സ് ഓഫീസ് യുദ്ധത്തിനാണ് തിരി തെളിഞ്ഞിരിക്കുന്നത്.
വാരിസ് റിലീസ് ചെയ്യുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണെങ്കിൽ മന്ത്രി ഉദയനിധിയുടെ ഉടമസ്ഥതയിൽ ഉള്ള റെഡ് ജയന്റ് മൂവീസാണ് തമിഴ്നാട്ടിൽ തുനിവ് റിലീസ് ചെയ്യുന്നത്. ഇതു തന്നെയാണ് ഇരു സിനിമകളും തമ്മിലുള്ള വിവാദത്തിനും കാരണമായിരിക്കുന്നത്.
തമിഴകത്ത് നിലവിൽ നമ്പർ വൺ സൂപ്പർതാരം ദളപതി വിജയ് തന്നെയാണ്. എന്നാൽ ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ നടൻ അജിത്തിന്റെ ആരാധകർ തയ്യാറല്ല. ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തെ ഭയക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളാകട്ടെ ദളപതിയെ എങ്ങനെയെങ്കിലും തളയ്ക്കണമെന്ന വാശിയിലുമാണ്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വാരിസ് ഒരു ശരാശരി പടമായാൽ പോലും നിലവിലെ സാഹചര്യത്തിൽ വമ്പൻ വിജയത്തിലേക്കാണ് നീങ്ങുക. അങ്ങനെ സംഭവിച്ചാൽ രാഷ്ട്രീയവും സിനിമയും ഇടകലർന്ന തമിഴ് നാട്ടിൽ ദളപതി വിജയ് യുടെ ജനപ്രീതിയാണ് കുതിച്ചുയരുക. ഇത് സ്വാഭാവികമായും ഭരണപക്ഷത്തിനു മാത്രമല്ല പ്രതിപക്ഷത്തിനും വലിയ വെല്ലുവിളിയായാണ് മാറുക. വിജയ് യുടെ ഫോട്ടോ ഉയർത്തികാട്ടി മാത്രം വോട്ട് ചോദിച്ചപ്പോൾ നിരവധി വിജയ് ആരാധകരാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറിയിരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വിജയ് പുതിയ പാർട്ടി രൂപീകരിച്ചാൽ അത് നിലവിലെ രാഷ്ട്രീയ ചിത്രം തന്നെയാണ് മാറ്റിമറിക്കുക.
ഡി.എം.കെയിൽ മുഖ്യമന്ത്രി സ്റ്റാലിന് പിൻഗാമിയായാണ് മകൻ ഉദയനിധി സ്റ്റാലിൻ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശനവും തമിഴകം പ്രതീക്ഷിച്ചതു തന്നെയാണ്. ഉദയനിധിയും ദളപതി വിജയ് യും അടുത്ത സുഹൃത്തുക്കളാണെങ്കിലും വാരിസ് – തുനിവ് തർക്കത്തോടെ ഈ ബന്ധത്തിലും വിള്ളൽ വീണിട്ടുണ്ട്. വാരിസിലൂടെ ജനപ്രീതി ഉയർത്താനുള്ള വിജയ് തന്ത്രത്തിന് തുനിവിലൂടെ റെഡ് സിഗ്നൽ ഉയർത്താനാണ് ഉദയനിധി ശ്രമിച്ചതെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് പുതിയ പാർട്ടി രൂപീകരിച്ച് മത്സരിച്ചാൽ ഡി.എം.കെയുടെയും ഉദയനിധിയുടെയും പ്രതീക്ഷകൾ തകരുമെന്നാണ് ഇവരുടെ നിഗമനം. അതു കൊണ്ടു തന്നെ ദളപതിയെ ഒതുക്കേണ്ടത് ഡി.എം.കെയുടെ രാഷ്ട്രീയ ലക്ഷ്യമായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ ഇത് എത്രമാത്രം സാധ്യമാകും എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. കാരണം ഒരു അജിത് കുമാറിനെ വച്ച് തളയ്ക്കാൻ പറ്റുന്ന ഉയരത്തിലല്ല നിലവിൽ വിജയ് ഉള്ളത്. തമിഴകത്ത് മാത്രമല്ല കേരളം, കർണ്ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ദളപതിക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്. ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, ബ്രിട്ടൺ, അമേരിക്ക തുടങ്ങി യൂറോപ്പ്യൻ രാജങ്ങൾ വരെ നീളുന്നതാണ് ഈ കരുത്ത്. ഇതു തന്നെയാണ് തമിഴകത്തെ വിജയ് ആരാധകരുടെ ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നത്.
സൂപ്പർസ്റ്റാർ പട്ടത്തെ ചൊല്ലിയുള്ള വിവാദവും തമിഴ് നാട്ടിൽ ഇപ്പോൾ അരങ്ങ് തകർക്കുന്നുണ്ട്. വിജയ് ആണ് സൂപ്പർസ്റ്റാർ എന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതിനെ ചോദ്യം ചെയ്ത് രജനീകാന്തിന്റെ ആരാധകർ രംഗത്ത് വന്നപ്പോൾ അതിന് ചുട്ട മറുപടിയാണ് ‘നാം തമിഴർ കച്ചി’ നേതാവ് സീമാൻ നൽകിയിരിക്കുന്നത്. സൂപ്പർസ്റ്റാർ പട്ടം നിരന്തരമായ ഒന്നല്ലന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. “ഏത് അളവ് കോലിൽ അളന്നാലും, വിജയ് തന്നെയാണ് സൂപ്പർസ്റ്റാർ” എന്ന ദളപതിയുടെ ആരാധകരുടെ വാദത്തിന് ശക്തി പകരുന്ന നിലപാടാണിത്. വിജയ് പുതിയ പാർട്ടി രൂപീകരിച്ചാൽ\ ആ പാർട്ടിയുമായി സഹകരിക്കാനുള്ള മാനസികാവസ്ഥയിലാണ് സീമാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഉള്ളത്. അണ്ണാ ഡി.എം.കെ ശിഥിലമായതിനാൽ ഡി.എം.കെക്ക് ബദൽ വിജയ് മാത്രമാണെന്ന വാദവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്.
പണ്ട് രജനിയെ പ്രകോപിപ്പിച്ച് കിട്ടുമായിരുന്ന ഭരണം ജയലളിത ‘തുലച്ച’ സാഹചര്യം ഓർമ്മയുള്ളതിനാൽ ദളപതിയെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് മുതിർന്ന മാധ്യമ പ്രവർത്തകരും ഡി.എം.കെ നേതൃത്വത്തിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്റ്റാലിന് ഭരണം പിടിക്കാൻ വിജയ് യുടെ പോളിങ്ങ് ബൂത്തിലേക്കുള്ള സൈക്കിൾ യാത്രയും വലിയ പങ്കു വഹിച്ചതായാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അണ്ണാ ഡി.എം കെ സർക്കാറുമായി ഉടക്കിയിരുന്ന വിജയ് നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം സൈക്കിൾ ചവിട്ടി പോളിങ്ങ് ബൂത്തിൽ എത്തിയത് ഇന്ധന വർദ്ധനവിന് എതിരായ പ്രതിഷേധമായാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. അന്ന് ദളപതിയുടെ ഈ സൈക്കിൾ യാത്രയെ സോഷ്യൽ മീഡിയയിൽ പരമാവധി ഉപയോഗപ്പടുത്തിയിരുന്നതും ഡി.എം.കെ തന്നെയാണ്.
വാരിസിലെ തർക്കം കൂടുതൽ വഷളായാൽ അത് ഉദയനിധി – ദളപതി ഉടക്ക് എന്നതിലുപരി മുഖ്യമന്ത്രി സ്റ്റാലിൻ – വിജയ് പോരാട്ടമായും വളരാൻ സാധ്യതയുണ്ട്. റിലീസ് വിവാദത്തിനു ശേഷം പുറത്തിറങ്ങിയ വാരിസ് ട്രെയിലറിലെ വിജയ് യുടെ മാസ് ഡയലോഗുകൾ ഇപ്പോൾ തന്നെ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്. അജിത്തിന് മാത്രമല്ല ഉദയനിധിക്കും എതിരായ പരോക്ഷമായ മറുപടിയും ഇതിലുണ്ടെന്നാണ് തമിഴകത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
EXPRESS KERALA VIEW