തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി തെറിപ്പിച്ച കേസ്; പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം

കണ്ണൂർ: കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച കേസിലെ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം അനുവദിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. നവംബർ മൂന്നിന് വൈകിട്ടാണ് തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ കാറിൽ ചാരി നിന്ന് എന്ന കുറ്റത്തിന് രാജസ്ഥാൻ സ്വദേശിയായ ആറ് വയസുകാരൻ ക്രൂരമായി മർദ്ദിക്കപ്പെട്ടത്.

മുഹമ്മദ് ഷിഹാദ് നടത്തിയത് ഗുരുതരമായ നരഹത്യശ്രമം ആണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുട്ടിയാണെന്ന പരിഗണന പോലും നൽകാതെയുളള ആക്രമണമാണ് പ്രതി നടത്തിയത്. ആദ്യഘട്ടത്തിൽ പൊലീസിന് വലിയ വീഴ്ച സംഭവിച്ച കേസിൽ റെക്കോഡ് വേഗത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേരള മനഃസാക്ഷിയെ നടുക്കിയ സംഭവത്തിൽ ലോക്കൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ല.

Top