വ്യാജ സര്‍ട്ടിഫിക്കറ്റ് ; തലശേരി സബ്കലക്ടര്‍ക്കെതിരെ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

തലശേരി : തലശേരി സബ്കലക്ടര്‍ ആസിഫ് കെ. യൂസഫിനെതിരെ എറണാകുളം ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഒബിസി സംവരണത്തിന് ആസിഫിന് യോഗ്യതയില്ലെന്ന് എറണാകുളം കലക്ടർ എസ്. സുഹാസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ചീഫ് സെക്രട്ടറിക്ക് എസ്. സുഹാസ് റിപ്പോര്‍ട്ട് കൈമാറി.

ഒബിസി സംവരണത്തിൽ ഐഎഎസും കേരള കേഡറും നേടിയ ആസിഫ്.കെ.യൂസഫ് സംവരണാനുകൂല്യത്തിനായി സമർപ്പിച്ച സാമ്പത്തിക വിവരങ്ങളും വരുമാന സർട്ടിഫിക്കറ്റും തെറ്റാണന്ന പരാതിയിലാണ് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചത്. ഐഎഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടു മുൻപുള്ള മൂന്ന് വർഷത്തെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഒബിസി സംവരണത്തിന് അർഹത.

2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215 ാം റാങ്ക് നേടിയ ഉദ്യോഗസ്ഥനാണ് തൃക്കാക്കര സ്വദേശി ആസിഫ് കെ.യൂസഫ്. സബ് കലക്ടറുടെ അടിസ്ഥാന യോഗ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന റിപ്പോർട്ടിൽ തുടർ നടപടിയെടുക്കേണ്ടത് കേന്ദ്ര പഴ്സനൽ മന്ത്രാലയമാണ്.

Top