കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിയില്ലെങ്കില്‍ രാജി വെച്ച് പുറത്ത് പോകണമെന്ന് ബിഷപ്പ് വിമര്‍ശിച്ചു. ദീപിക ദിനപത്രത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് വിമര്‍ശനം.
മനുഷ്യജീവന് സംരക്ഷണം ഒരുക്കാന്‍ കഴിയുന്ന വിധത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയാത്തത് പ്രതിഷേധാത്മകമാണ്. തമിഴ്നാട് സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കിയേ മതിയാകൂ. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ അതിശക്തമായ സമരം ഉണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് മുഖപ്രസംഗത്തില്‍ പറയുന്നു.
കക്കയത്ത് കര്‍ഷകനായ എബ്രഹാം കാട്ടാന ആക്രമണത്തില്‍ മരിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കും? കൃഷിയിടത്തില്‍ എന്ത് ധൈര്യത്തില്‍ ജോലി ചെയ്യാന്‍ കഴിയുമെന്നും ലേഖനത്തില്‍ ബിഷപ്പ് ചോദിക്കുന്നു.
സാസ്‌കാരിക കേരളമെന്ന് പറയാന്‍ ലജ്ജ തോന്നുകയാണ്. മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഒരുക്കാന്‍ കഴിയും വിധം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. തമിഴ്നാട് സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിമര്‍ശിച്ചു.