കോഴിക്കോട്: താമരശേരി പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. താനും സഹോദരനും ചേർന്ന് 325 കിലോയോളം സ്വർണം കൊണ്ടുവന്നതിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോകൽ എന്ന് ഷാഫി സന്ദേശത്തിൽ പറയുന്നു. ഇത് കിട്ടാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്നും പൊലീസിനെ സമീപിച്ചിട്ട് കാര്യമില്ലെന്ന് ഷാഫി പറഞ്ഞു. അതേസമയം, ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എവിടെയാണെന്നോ വീഡിയോ സന്ദേശത്തിൽ ഇല്ല.
അതേസമയം, താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കർണാടക കേന്ദ്രീകരിച്ചും അന്വേഷിക്കാൻ പൊലീസ്. മുക്കം പൊലീസിലെ ഒരു സംഘം മഞ്ചേശ്വരത്തെത്തി. ഷാഫിയെ തട്ടിക്കൊണ്ടുപോയത് കർണാടകത്തിലെ സ്വർണക്കടത്ത് സംഘങ്ങൾ എന്നാണ് സൂചന. കാസർഗോഡ് നിന്ന് കണ്ടെത്തിയ, അക്രമി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ ഇന്ന് താമരശ്ശേരിയിൽ എത്തിക്കും.
അക്രമി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കഴിഞ്ഞ ദിവസമാണ് കാസർഗോഡ് നിന്ന് കണ്ടെത്തിയത്. സംഘത്തിലെ ആളുകൾ ഉപയോഗിച്ച കാർ എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് ഈ കാർ ആണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കാസർഗോഡ് ചെർക്കളയിലെ കാർ ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാർ വാടകയ്ക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്.