തമ്പി ആന്റണിയുടെ നഴ്‌സിങ് റിഹാബിലിറ്റേഷന്‍ സെന്ററിനെതിരെ കേസെടുത്തെന്ന് വിവരം

ചലച്ചിത്രകാരനും സാഹിത്യകാരനുമായ തമ്പി ആന്റണിയുടെ ഉടമസ്ഥതയിലുള്ള ഗേറ്റ് വേ നഴ്‌സിങ് റിഹാബിലിറ്റേഷന്‍ സെന്ററിനെതിരെ അമേരിക്കയില്‍ കേസെടുത്തെന്ന് വാര്‍ത്തക്കെതിരെ പ്രതികരിച്ച് തമ്പി ആന്റണി. വ്യക്തിഹത്യ എന്ന ഉദ്ദേശ്യത്തോടെയാണ് തനിക്ക് എതിരെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നാണ് തമ്പി ആന്റണിയുടെ പ്രതികരണം. കൊവിഡ് 19 ന്റെ ലക്ഷണങ്ങളുണ്ടായവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കിയിട്ടില്ലെന്നും രോഗബാധിതരായ ഉദ്യോഗസ്ഥരോട് പോലും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തമ്പി ആന്റണി തന്നെ പ്രസ്താവന ഇറക്കിയിരുന്നു. അധികാരികളുടെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പാലിച്ചിരുന്നുവെന്നും തമ്പി ആന്റണി പറയുന്നു. എന്നാല്‍ പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാകാം തനിക്കെതിരെ ഇത്തരത്തിലൊരു വാര്‍ത്ത വന്നത് എന്ന് തമ്പി ആന്റണി പറയുന്നു. കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. പ്രായമായവരും ഗുരുതരരോഗമുള്ളവരുമാണ് കൊവിഡ് വന്ന് മരിച്ചത്.

തങ്ങളുടെ ഗേറ്റ് വേ നഴ്‌സിംഗ് റിഹാബിലിറ്റേഷന്‍ സെന്ററിലും ഇതുപോലെയുള്ള ആളുകളാണ് കൊവിഡ് രോഗത്തെ തുടര്‍ന്ന് മരിച്ചതെന്ന് തമ്പി ആന്റണി പറയുന്നു. കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് താല്‍ക്കാലികമായ ചികിത്സയാണ് ഇവിടെ ചെയ്യുക. രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റുക. അങ്ങനെ മാറ്റിയവരാണ് ആശുപത്രികളില്‍ മരിച്ചത്. അമേരിക്കയിലെ ഒട്ടേറെ നഴ്‌സിംഗ് ഹോമുകളുടെയും അവസ്ഥ അങ്ങനെയാണ് എന്നും തമ്പി ആന്റണി വിശദീകരിക്കുന്നു.

Top