കൊച്ചി: പ്രശസ്ത സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനത്തിന്റെ (65) മൃതദേഹം ഇന്ന് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃതദേഹം ഉച്ചക്കുശേഷം മൂന്ന് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുക.
തുടര്‍ന്ന് അദ്ദേഹം താമസിച്ചിരുന്ന എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപത്തെ ആല്‍സ എന്ന ഫ്‌ലാറ്റിലേക്ക് മൃതദേഹം മാറ്റും. വ്യാഴാഴ്ച രാവിലെ സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകും. കാഞ്ഞിരപ്പള്ളി പാറത്തോട് സെന്റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പള്ളിയിലാണ് സംസ്‌കാരം.
അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു.
ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. അഞ്ച് സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു.