തിരിച്ചിറപ്പള്ളി : നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കി തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരണത്തിന് കീഴടങ്ങി.
കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല. നാലാം ദിവസം പിന്നിട്ടതോടെ പുലര്‍ച്ചെ ഒരുമണിയോടെ ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറില്‍ 85 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ഇതില്‍ നിന്നും കുട്ടി മരിച്ചുവെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘം എത്തുകയായിരുന്നു.
ക്യാമറ ഇറക്കി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍അഴുകിയ നിലയിലാണെന്ന് വ്യക്തമാകുകയായിരുന്നു. പുലര്‍ച്ചയോടെ കുട്ടിയുടെ ശരീരഭാഗം പൂര്‍ണമായും പുറത്തേക്ക് എടുത്തു. അഴുകിത്തുടങ്ങിയ ശരീരം ഭാഗങ്ങളായാണ് പുറത്തെടുത്തത്.
കുട്ടി വീണു കിടക്കുന്ന കുഴല്‍കിണറിന് സമാന്തരമായി വലിയ കിണര്‍ കുഴിച്ച് അതില്‍ നിന്നും കുട്ടി വീണ കിണറ്റിലേക്ക് തുരങ്കം നിര്‍മ്മിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. പ്രദേശത്തെ ഭൂമിയില്‍ പാറക്കെട്ടുകളുടെ സാന്നിധ്യം കണ്ടതിനാല്‍ മറ്റ് സാധ്യതകള്‍ ഉപേക്ഷിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സുജിത് കുഴല്‍ക്കിണറില്‍ വീണത്. വീടിന് അടുത്തുള്ള കുഴല്‍കിണര്‍ ചാക്കിട്ടുമൂടി മുകളില്‍ മണല്‍ വിരിച്ചിരുന്നു. എന്നാല്‍ ചാക്ക് മാറിപ്പോയതോടെയാണ് സഹോദരനൊപ്പം കളിക്കുന്നതിനെ രണ്ടരവയസുകാരന്‍ വീണത്.
ആദ്യം 26 അടിയില്‍ കുട്ടി തങ്ങി നിന്നിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 85 അടി താഴ്ചയിലേക്ക് വീണു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നു.