തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായ തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ചേരാനായി ഇദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. മറ്റൊരു കോണ്‍ഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപി ഓഫീസിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക. ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് തങ്ങള്‍ക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം എത്തിയപ്പോഴാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുകയാണെന്ന് വ്യക്തമായത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്.