ലീഗ് – സമസ്ത ഭിന്നത; കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും തങ്ങൾ കുടുംബാംഗം മറുപടി നൽകിയതിൽ ഞെട്ടി മുസ്ലീംലീഗ്

പാണക്കാട് കുടുംബത്തെ രംഗത്തിറക്കി സമസ്തയെ വിരട്ടാനുള്ള മുസ്ലീംലീഗ് നീക്കമാണിപ്പോള്‍ തുടക്കത്തില്‍ തന്നെ പാളിയിരിക്കുന്നത്. ലീഗ് നീക്കത്തിനെതിരെ പാണക്കാട് കുടുംബാംഗത്തെ തന്നെ രംഗത്തിറക്കിയാണ് സമസ്തയിലെ പ്രബലവിഭാഗം ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്. ‘പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന’ പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിനാണ് അതേ കുടുംബാംഗമായ മുഈനലി തങ്ങള്‍ തന്നെ പരസ്യമായി മറുപടി പറഞ്ഞിരിക്കുന്നത്.

‘ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയ്ക്ക് മങ്ങല്‍ വരുമെന്നുമാണ് മുഈനലി തങ്ങള്‍ തുറന്നടിച്ചിരുന്നത്. അതൊക്കെ ചികിത്സിച്ചാല്‍ മാറുമെന്ന ഉപദേശവും അദ്ദേഹം ലീഗ് നേതൃത്വത്തിന് നല്‍കുകയുണ്ടായി.

നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍ താഴ്ന്നു കൊടുക്കാനുള്ള മനസ് കാണിക്കണമെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പറയുകയുണ്ടായി. ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന സമദാനിയുടെ പരാമര്‍ശത്തിലും മുഈനലി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ചന്ദ്രനെയും സൂര്യനെയും മറച്ചു പിടിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നാണ് മുഈനലി തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മറുപടി കുഞ്ഞാലിക്കുട്ടിയും സമദാനിയും ഉള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കളെ മാത്രമല്ല ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെയും ഞെട്ടിച്ച പ്രതികരണമാണ്.

എം.എസ്.എഫ് പരിപാടിയിലാണ് കുഞ്ഞാലിക്കുട്ടിയും സമദാനിയും സമസ്ത നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന പ്രസംഗം നടത്തിയിരുന്നത്. ഇതിനുള്ള മറുപടി സമസ്ത വേദിയില്‍ വച്ചാണ് പാണക്കാട് മുഈനലി തങ്ങളും ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, സമസ്തയെ പിളര്‍ത്താന്‍ ഇറങ്ങിയവര്‍ക്ക് പാണക്കാട് കുടുംബത്തില്‍ നിന്നു തന്നെ മറുപടി കൊടുത്തതിന്റെ ആവേശത്തിലാണ് സമസ്തയിലെ പ്രബല വിഭാഗമുള്ളത്. സമസ്തയെ എതിര്‍ത്ത് ലീഗിന് അധികം മുന്നോട്ട് പോകാന്‍ കഴിയില്ലന്നാണ് സമസ്ത നേതൃത്വം പറയുന്നത്. വീണ്ടും ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന സമാദാനിയും വലിയ അഗ്‌നിപരീക്ഷണമാണ് നേരിടാന്‍ പോകുന്നത്.

പൊന്നാനിയില്‍ ഭദ്രമല്ലന്ന തോന്നലില്‍ മലപ്പുറത്തേക്ക് മാറാനാണ് സിറ്റിംഗ് എം.പിയായ ഇടി മുഹമ്മദ് ബഷീര്‍ ശ്രമിക്കുന്നത്. പകരം സമദാനിയെ പൊന്നാനിയില്‍ രംഗത്തിറക്കാനാണ് ശ്രമം. സമസ്ത – ലീഗ് ബന്ധം വഷളായ സാഹചര്യത്തില്‍ സമദാനി പൊന്നാനിയില്‍ മത്സരിച്ചാല്‍ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരിക. അവിടെ ചന്ദ്രനും സൂര്യനും വലിയ പ്രചരണ വിഷയമാകുമെന്ന കാര്യവും ഉറപ്പാണ്.

നിലവില്‍ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പതിനായിരത്തില്‍ താഴെ മാത്രമാണ് പൊന്നാനി ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫിന്റെ ഭൂരിപക്ഷം. ഇത് എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷമുള്ളത്. കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. പൊന്നാനിയില്‍ ലീഗ് വീണാല്‍ അതോടെ വലിയ പ്രതിസന്ധിയെയാണ് ലീഗിന് അഭിമുഖീകരിക്കേണ്ടി വരിക. അതാകട്ടെ മുന്‍പ് മഞ്ചേരി നഷ്ടപ്പെട്ടതിലും വലിയ ആഘാതമായി മാറുകയും ചെയ്യും.

ലീഗ് ഘടക കക്ഷിയായ കോണ്‍ഗ്രസ്സിലും കാര്യങ്ങള്‍ അത്ര വെടിപ്പല്ല. ആര്യാടന്‍ ഷൗക്കത്ത് വിഭാഗത്തില്‍ ഇപ്പോഴും കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് എത്രമാത്രം സജീവമാകുമെന്ന കാര്യത്തില്‍ അതു കൊണ്ടു തന്നെ ലീഗ് നേതൃത്വത്തിനും ആശങ്കയുണ്ട്. പൊന്നാനിയില്‍ ലീഗിനെ സംബന്ധിച്ച് കോണ്‍ഗ്രസ്സ് വോട്ടും നിര്‍ണ്ണായകമാണ്.

‘കപ്പിനും ചുണ്ടിനും’ ഇടയില്‍ കിടക്കുന്ന പൊന്നാനി ലോകസഭ മണ്ഡലം 2024-ലെ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ നാളത്തെ സ്വപ്നമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമായി പാകപ്പെട്ടതാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. സമസ്തയിലെ പ്രബല വിഭാഗം ഇടതുപക്ഷത്തിന് അനുകൂലമായാണ് നില്‍ക്കുന്നത്. ഇതും ഇടതുപക്ഷത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എ.പി വിഭാഗം മാത്രമല്ല ഇ.കെ വിഭാഗവും ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.എം നിലപാടിനൊപ്പമാണ് നില്‍ക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യശ്യംഖലയിലും ഈ സംഘടനകളുടെ പ്രവര്‍ത്തകര്‍ പങ്കാളികളായിട്ടുണ്ട്.

മോദി സര്‍ക്കാറിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിനും വലിയ പിന്തുണയാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഈ സമരത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും നീക്കത്തിലും സമസ്തയില്‍ ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പാണുള്ളത്. ഇതും പൊന്നാനിയില്‍ ലീഗ് നേരിടാന്‍ പോകുന്ന പുതിയ വെല്ലുവിളിയാണ്. പരമ്പരാഗതമായി ഇടതുപക്ഷത്തിന്റെ പെട്ടിയില്‍ വീഴുന്ന വോട്ടുകള്‍ക്കു പുറമെ , സമസ്തയിലെ ഒരു വിഭാഗത്തിന്റെ വോട്ടുകൂട്ടി ലഭിച്ചാല്‍ ലീഗിന്റെ പൊന്നാപുരം കോട്ടയുടെ നിലനില്‍പ്പാണ് അതോടെ അപകടത്തിലാകുക. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്…

EXPRESS KERALA VIEW

Top