ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി ഷാജി പ്രഭാകരന്‍ രംഗത്ത്. ഫെഡറേഷന്റെ തീരുമാനം ഞെട്ടലുണ്ടാക്കി, ഇന്ത്യന്‍ ഫുട്ബോളിനുവേണ്ടിയുള്ള എന്റെ സത്യസന്ധമായ പ്രവര്‍ത്തനങ്ങളില്‍ കൂടെനിന്നവര്‍ക്ക് നന്ദി’- ഷാജി പ്രഭാകരന്‍ കുറിച്ചു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് എ.ഐ.ഐ.എഫ് എന്നെ മാറ്റിയത് വലിയ ഞെട്ടലാണുണ്ടാക്കിയത്. ഞങ്ങള്‍ ഒരു ടീം പോലെ പ്രവര്‍ത്തിച്ചതാണ്. വിശ്വാസവഞ്ചന കാണിച്ചെന്ന വലിയൊരു ആരോപണമാണ് അവര്‍ എനിക്കെതിരേ ചുമത്തിയത്. ഈ ഗെയിമിനൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം.
വിശ്വാസവഞ്ചന കാണിച്ചെന്ന് വെളിപ്പെടുത്തി എ.ഐ.ഐ.എഫ് ഷാജി പ്രഭാകരനെതിരേ പ്രസ്താവന ഇറക്കിയിരുന്നു. എ.ഐ.എഫ്.എഫ്. എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അന്തിമ അനുമതിയോടെ പ്രസിഡന്റ് കല്യാണ്‍ ചൗബേയാണ് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്. പകരമായി എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി സെക്രട്ടറി എം.സത്യനാരായണന് സെക്രട്ടറി ജനറലിന്റെ താത്കാലിക ചുമതല നല്‍കി.
ഷാജി പ്രഭാകരന്റെ പ്രവര്‍ത്തനങ്ങള്‍, വേതനം എന്നിവയില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റികള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. എ.എഫ്.സി എക്‌സിക്യുട്ടീവ് അംഗമായും, അടുത്തിടെ നിയമിതനായ ഷാജി, വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം നടപ്പാക്കുന്നതിന് ഫെഡറേഷനില്‍ മതിയായ പണമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം അനിഷ്ടങ്ങള്‍ക്ക് വഴിയൊരുക്കി.