പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഡിഎംഒ വ്യക്തമാക്കി.
പ്രസവത്തെതുടർന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. ചികിത്സാ പിഴവിന് ഇന്നലെ പൊലീസ് മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. പ്രിയദർശിനി, നിള, അജിത് എന്നീ ഡോക്ടർമാർക്കെതിരെയാണ് ചികിത്സാപിഴവിന് പൊലീസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കും കേസെടുത്തു.
പ്രസവത്തെ തുടർന്നുണ്ടായ അമിതമായ രക്തസ്രാവമെന്നാണ് മരണത്തിനിടയാക്കിയതെന്ന് ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്കം ആശുപത്രി അതികൃതർ ഇന്ന് മാധ്യമങ്ങളെ കണ്ട് ആശുപത്രി വാദം വിശദീകരിക്കും. രാവിലെ 11ന് പാലക്കാട് പ്രസ് ക്ലബ്ബിലാണ് വാർത്താസമ്മേളനം.