മമ്മൂട്ടി ജ്യോതിക ചിത്രം കാതല്‍ ദ കോറിനെ കുറിച്ച് നടന്‍ സൂര്യ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. സുന്ദരമായ മനസുകള്‍ ഒന്നിക്കുമ്പോഴാണ് കാതല്‍ പോലുള്ള സിനിമകള്‍ ഉണ്ടാകുന്നതെന്ന് സൂര്യ പറഞ്ഞു. മമ്മൂട്ടി പ്രചോദനം എന്ന് പറഞ്ഞ സൂര്യ കാതലിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനം അറിയിച്ചു. ജ്യോതിക ഓമനയായി എത്തി ജനഹൃദയങ്ങള്‍ കീഴടക്കി എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘സുന്ദരമായ മനസ്സുകള്‍ ഒന്നിക്കുമ്പോള്‍, കാതല്‍ ദ കോര്‍ പോലുള്ള സിനിമകള്‍ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. സിനിമ ഒരുക്കിയ ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍. നല്ല സിനിമയോടുള്ള സ്‌നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബിയുടെ നിശബ്ദ ഷോട്ടുകള്‍ പോലും ധാരാളം സംസാരിച്ചു. ഈ ലോകം നമുക്ക് കാണിച്ചുതന്ന എഴുത്തുകാരായ അദര്‍ശ് സുകുമാര്‍ പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍. സ്‌നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതിക! അതിമനോഹരം’, എന്നാണ് സൂര്യ കുറിച്ചത്. കാതലിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സൂര്യ വന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇടവേളകള്‍ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ എത്തിയ ചിത്രമാണ് കാതല്‍. ഓമന എന്ന കഥാപാത്രത്തിന്റെ വേദനയും നിസഹായാവസ്ഥയും ചൂണ്ടിക്കാട്ടി ജ്യോതിക സ്‌ക്രീനില്‍ എത്തിയപ്പോള്‍ പ്രേക്ഷകരുടെ ഉള്ളിനെ നോവിച്ചു. ഓമനയായി ജ്യോതിക ജീവിക്കുക ആയിരുന്നു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത്.
മാത്യു ദേവസി എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി, അലക്‌സ് അലിസ്റ്റര്‍, അനഘ അക്കു, ജോസി സിജോ തുടങ്ങി ഒരുപിടി മികച്ച കലാകാരന്മാര്‍ അണിനിരന്നിരുന്നു.