തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാതിരുന്നത് ഗുരുതര വീഴ്ച; വ്യക്തമാക്കി ഉമ്മൻചാണ്ടി

oommen chandy

തിരുവനന്തപുരം: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാതിരുന്നത് ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി.

ഒരാഴ്ച മുമ്പെങ്കിലും തുറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുട്ടനാട്ടിലെ പ്രളയക്കെടുതിക്ക് വലിയ ശമനം ഉണ്ടാകുമെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതു വരെ ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വന്നില്ലെന്നത് അത്ഭുതമാണെന്നും ഇത് സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്നും ഷട്ടറുകള്‍ തുറക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

മുന്‍മന്ത്രി കെ.സി.ജോസഫിനൊപ്പം കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളും ക്യാമ്പുകളും സന്ദര്‍ശിച്ച അദ്ദേഹം ജനപ്രതിനിധികളും ജനങ്ങളും മുന്നോട്ടുവെച്ചതുള്‍പ്പെടെയുള്ള 15 നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ഓരോ കുടുംബത്തിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച 3800 രൂപയുടെ സാമ്പത്തിക സഹായം വീട്ടില്‍ വെള്ളം കയറിയ എല്ലാ കുടുംബങ്ങളുടെയും അക്കൗണ്ടിലേയ്ക്ക് ഉടനെത്തിക്കണമെന്നും പല പ്രദേശങ്ങളും രണ്ടാഴ്ചയിലേറെയായി വെള്ളത്തിലായതിനാല്‍ ജനങ്ങളുടെ ആരോഗ്യവും പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യതകളും കണക്കിലെടുത്ത് വാര്‍ഡ്തല സാനിറ്റേഷന്‍ സമിതി മുഖേന ബ്ലീച്ചിംഗ് പൗഡര്‍, ഡെറ്റോള്‍, ലോഷന്‍, വളം കടിക്കുള്ള ഓയില്‍മെന്റ് എന്നിവ ഉടനെ വിതരണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top