തിരുവനന്തപുരം: കോണ്‍ഗ്രസ് രാമായണ മാസാചരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിന്റെ വിചാര്‍ വിഭാഗമാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും, പരിപാടി ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ താന്‍ അതില്‍ പങ്കെടുക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വിചാര്‍ വിഭാഗം മുമ്പും ബൗദ്ധിക തലത്തിലുള്ള ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും, അതിലെല്ലാം താന്‍ പങ്കെടുത്ത് സംസാരിച്ചിട്ടുണ്ടെന്നും, ഇനിയും അത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്നും തരൂര്‍ പറഞ്ഞു.
ബി.ജെ.പിയെ ഒറ്റക്കെട്ടായി എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം, അതിനായി എല്ലാ പ്രവര്‍ത്തകരും ഒരുമിച്ച് നില്‍ക്കണമെന്നും തരൂര്‍ അറിയിച്ചു.
കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള കെ.പി.സി.സി വിചാര്‍വിഭാഗാണ് രാമായണമാസം ആചരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കര്‍ക്കടകം ആരംഭിക്കുന്ന ഇന്ന് മുതൈക്കാട് ഗാന്ധിഭവനില്‍ രാമായണമാസാചാരണ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ കെ.മുരളീധരന്‍ എം.എല്‍.എ, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നതോടെ പരിപാടി ഉപേക്ഷിക്കുകയായിരുന്നു.