ഒരു കോണ്‍ഗ്രസ്സ് നേതാവ് എന്നതിലുപരി അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മലയാളിയാണ് തിരുവനന്തപുരം എം.പി ശശി തരൂര്‍. കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം ആവശ്യമാണെന്ന് വാദിക്കുന്ന വിഭാഗത്തിനൊപ്പമാണ് നിലവില്‍ ശശി തരൂര്‍ ഉള്ളത്. രാഹുല്‍ ഗാന്ധിക്കും പഴയ താല്‍പ്പര്യം തരൂരിനോടില്ലങ്കിലും തഴയാന്‍ ശരിക്കും ഭയം തന്നെയാണ്. അന്താരാഷ്ട്ര തലത്തിലെ തരൂരിന്റെ പ്രതിച്ഛായ തന്നെയാണ് ഇതിനു കാരണം. മാത്രമല്ല വ്യക്തിപരമായും രാഹുല്‍ ഗാന്ധിക്ക് തരൂരിനെ എളുപ്പത്തില്‍ മറക്കാന്‍ പറ്റുകയില്ല. കാരണം ജീവിതത്തിലെ ഏറ്റവും ‘അനിവാര്യമായ’ ഒരു ഘട്ടത്തില്‍ യു.എന്‍ നയതന്ത്രജ്ഞനായിരുന്ന ശശി തരൂരിന്റെ ഒരു കൈ സഹായം രാഹുലിനു ലഭിച്ചിട്ടുണ്ട്. മറ്റാര്‍ക്കും അറിയില്ലങ്കിലും നെഹ്‌റു കുടുംബത്തിന് അത് ഒരിക്കലും മറക്കാന്‍ പറ്റുകയില്ല.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ രണ്ടു കയ്യും നീട്ടിയാണ് കോണ്‍ഗ്രസ്സ് തരൂരിനെ സ്വീകരിച്ചിരുന്നത്. പലവട്ടം എം പിയുമാക്കി കേന്ദ്ര മന്ത്രിയുമാക്കി. നിലവില്‍ തിരുവനന്തപുരം എം.പിയായ തരൂരിനെ അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ നടന്നിട്ടില്ല. ശക്തമായ ത്രികോണ മത്സരം നടന്നിട്ടും തുടര്‍ച്ചയായി തരൂരിന് തലസ്ഥാനത്തു നിന്നും വിജയിക്കാന്‍ സാധിച്ചതിനു പിന്നില്‍ വ്യക്തിപരമായി അദ്ദേഹം സമാഹരിച്ച വോട്ടുകളാണ് നിര്‍ണ്ണായകമായിരുന്നത്. തരൂര്‍ അല്ലാതെ മറ്റൊരു നേതാവിനെ വരുന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുകയില്ല. ഇവിടെയാണ് നാം തരൂരിന്റെ പുതിയ നിലപാടുകള്‍ തിരിച്ചറിയേണ്ടത്.
പിണറായി സര്‍ക്കാറിനോടുള്ള സമീപനം തന്നെ തരൂര്‍ മാറ്റി കഴിഞ്ഞു. യു.ഡി.എഫിന്റെയും കോണ്‍ഗ്രസ്സിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടുകളാണ് തുടര്‍ച്ചയായി തരൂര്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതാകട്ടെ സി.പി.എം നേതൃത്വത്തെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച 19 സീറ്റുകളില്‍ പകുതി പോലും ഇത്തവണ ലഭിക്കില്ലെന്നത് വ്യക്തമായും തിരിച്ചറിയുന്ന വ്യക്തിയാണ് തരൂര്‍. ബി.ജെ.പി കൂടുതല്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തു നിന്നും ഒരു ബര്‍ത്ത് ഉറപ്പിക്കാന്‍ സി.പി.എമ്മിന്റെ ഒരു കൈ സഹായമാണ് തരൂര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേമം സീറ്റ് പിടിച്ചെടുത്ത സി.പി.എം കേരളത്തില്‍ നിന്നും ഒരു ലോകസഭ സീറ്റു പോലും ബി.ജെ.പിക്ക് ലഭിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. അതിനു വേണ്ടി വന്നാല്‍ തന്നെ സഹായിക്കാന്‍ സി.പി.എം തയ്യാറാകുമെന്ന പ്രതീക്ഷയാണ് തരൂരിനുള്ളത്.
തിരുവനന്തപുരം ലോകസഭ സീറ്റ് സി.പി.ഐക്ക് നീക്കി വച്ച സീറ്റായതിനാല്‍ സി.പി.എം പ്രവര്‍ത്തകരുടെ നിലപാടാണ് നിര്‍ണ്ണായകമാകുക. സി.പി.എം അച്ചടക്ക നടപടി സ്വീകരിക്കുന്ന പ്രവര്‍ത്തകരെയും നേതാക്കളെയും സി.പി.ഐ റാഞ്ചുന്ന സാഹചര്യത്തില്‍ നല്ല കലിപ്പിലാണ് സി.പി.എം പ്രവര്‍ത്തകര്‍ ഉള്ളത്. അതിനാല്‍ തന്നെ സി.പി.എം വോട്ടുകള്‍ പൂര്‍ണ്ണമായും സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയാല്‍ അണികള്‍ അനുസരിക്കുമെങ്കിലും അനുഭാവികള്‍ അനുസരിക്കാനുള്ള സാധ്യത വളരെ കുറവാണ്. സി.പി.ഐ ഇടതുപക്ഷത്തിനു തന്നെ ബാധ്യതയാണെന്ന നിലപാടിനാണ് സി.പി.എം അനുഭാവികളില്‍ നിലവില്‍ പ്രാമുഖ്യമുള്ളത്.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 15 സീറ്റുകളാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇത്തവണ ഇടതുപക്ഷത്തിനു വോട്ടു ചെയ്യുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിനുള്ളത്. കഴിഞ്ഞ തവണ രാഹുല്‍ എഫക്ടില്‍ നേടിയ 19 സീറ്റുകള്‍ ഇത്തവണ ലഭിക്കില്ലന്ന കാര്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കും തര്‍ക്കമില്ല. 10 സീറ്റുകളെങ്കിലും നിലനിര്‍ത്തുക എന്നതു മാത്രമാണ് ഇപ്പോഴത്തെ അവരുടെ ലക്ഷ്യം. ഈ പത്ത് ഏതൊക്കെ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു തന്നെ ഒരുറപ്പും ഇല്ല. മറ്റു ഘടക കക്ഷികള്‍ ഒറ്റ സീറ്റില്‍ ഒതുങ്ങുമോ എന്ന ഭയവും കോണ്‍ഗ്രസ്സിനുണ്ട്. മുസ്ലീം ലീഗ് മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകളില്‍ പൊന്നാനിയില്‍ കടുത്ത വെല്ലുവിളിയാണ് ലീഗ് നേരിടുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പതിനായിരം വോട്ടിന്റെ മുന്‍തൂക്കം മാത്രമാണ് ലീഗിനുള്ളത്. ഇത് എത് നിമിഷവും മറികടക്കാന്‍ ഇടതുപക്ഷത്തിന് കഴിയും. ലീഗ് നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.
യു.ഡി.എഫിലെ മറ്റൊരു ഘടക കക്ഷിയായ ആര്‍.എസ്.പിക്ക് സിറ്റിംഗ് സീറ്റായ കൊല്ലം നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തിലും ആശങ്ക ശക്തമാണ്. വലിയ മുന്നേറ്റമാണ് ഈ മണ്ഡലത്തിലും നിലവില്‍ ഇടതുപക്ഷം നടത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം കോട്ടയത്തു മത്സരിച്ചാലും വിജയ സാധ്യത വളരെ കുറവാണ്. ചുരുക്കി പറഞ്ഞാല്‍ ഇടത്തോട്ട് കാറ്റ് ചെറുതായി വീശിയാല്‍ പോലും കോണ്‍ഗ്രസ്സിന്റെ ഈ ഘടക കക്ഷികള്‍ ഒറ്റ സീറ്റിലാണ് ഒതുങ്ങിപ്പോവുക. പിന്നെയുള്ളത് കോണ്‍ഗ്രസ്സിന്റെ ഊഴമാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എടുത്താല്‍ വിജയിക്കും എന്ന് ഉറപ്പിച്ചു പറയാന്‍ ഒരു എറണാകുളവും വയനാടും മാത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്. ബാക്കി എല്ലാ സീറ്റുകളിലും കടുത്ത വെല്ലുവിളി തന്നെയാണ് ആ പാര്‍ട്ടി നേരിടാന്‍ പോകുന്നത്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വടകര, തൃശൂര്‍, പാലക്കാട്, ആലത്തൂര്‍, മാവേലിക്കര , ചാലക്കുടി, പത്തനംതിട്ട, ഇടുക്കി, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഏതൊക്കെ ലഭിക്കും എന്ന കാര്യത്തില്‍ ഒരു ഉറപ്പും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കില്ല. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് ശശി തരൂരിന്റെ നിലപാട് മാറ്റത്തിനും പിന്നിലുള്ളത്. തരൂര്‍ ഇപ്പോഴേ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചും സി.പി.എം അണികളുടെ പിന്തുണ അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നുണ്ട്. ഇതിനുവേണ്ടിയുള്ള സാഹചര്യമാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. ലുലുമാള്‍ ഉദ്ഘാടന വേദി അതിന്റെ തുടക്കം മാത്രമാണ്.
തരൂരിന്റെ പിണറായി സ്തുതിയില്‍ എതിര്‍ത്തവരെ പ്രകോപിപ്പിക്കാന്‍ പിണറായിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച തരൂരിന്റെ നടപടിയും തികച്ചും അപ്രതീക്ഷിതമാണ്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ പോലും ഞെട്ടിച്ച നിലപാടാണിത്. കോണ്‍ഗ്രസ്സ് ഉടക്കിയാലും താന്‍ അടുത്ത തവണയും ലോകസഭയില്‍ ഉണ്ടാവുമെന്ന സന്ദേശം കൂടിയാണ് പരോക്ഷമായി ആണെങ്കില്‍ പോലും തരൂര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പിണറായിയെ സ്തുതിക്കുകയും സില്‍വര്‍ ലൈന്‍ അനുകൂല പ്രസ്താവന നടത്തുകയും ചെയ്തതിന് ശശി തരൂരിനോട് വിശദീകരണം തേടാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസും യു.ഡി.എഫും സില്‍വര്‍ ലൈനിന് എതിരാണ്. തരൂരിന്റെ സില്‍വര്‍ ലൈന്‍ അനുകൂല പ്രസ്താവന ശരിയല്ലെന്നും സുധാകരന്‍ തുറന്നടിക്കുകയുണ്ടായി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ തരൂരിന്റെ പ്രസ്താവനയെ തള്ളി രംഗത്തുവന്നിട്ടുണ്ട്. സില്‍വര്‍ ലൈന്‍ അശാസ്ത്രീയമാണെന്നും ഒരു കാരണവശാലും അനുവദിക്കാനാവില്ലന്നതുമാണ് കോണ്‍ഗ്രസ്സ് നിലപാട്. അതേസമയം സംസ്ഥാനത്തിന്റെ വളര്‍ച്ചക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണെന്ന നിലപാടില്‍ ശശി തരൂര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ചില കാര്യങ്ങളില്‍ രാഷ്ട്രീയവ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണെന്നു തന്നെയാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദം കത്തിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കിട്ടാണ് തരൂര്‍ പിന്നോട്ടില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. തരൂരിന്റെ ഈ നിലപാട് യു.ഡി.എഫിനെ ആകെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇനി എന്തു പറഞ്ഞ് സമരം ചെയ്യുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. സ്വന്തം എം.പിയെ പോലും ഒപ്പം നിര്‍ത്താന്‍ പറ്റാത്തവര്‍ എന്ന പഴിയും കോണ്‍ഗ്രസ്സ് നേതൃത്വം കേള്‍ക്കേണ്ടി വരും. ഇടതുപക്ഷത്തെ സംബന്ധിച്ചാകട്ടെ ഇതില്‍പരം ‘ഒരായുധം’ വേറെ കിട്ടാനുമില്ല. തരൂരിന്റെ വാദം ഉയര്‍ത്തി തന്നെ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാനാണ് ഭരണപക്ഷം നിലവില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സെമി കേഡറാവാന്‍ ശ്രമിച്ച പാര്‍ട്ടിയുടെ അച്ചടക്കം കൂടിയാണ് കോണ്‍ഗ്രസ്സ് എം.പി തന്നെ ഇപ്പോള്‍ പൊളിച്ചടുക്കിയിരിക്കുന്നത്.
EXPRESS KERALA VIEW