കോൺഗ്രസ്സിലെ തന്റെ എതിരാളികളെ ഒരു പാഠം പഠിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോൾ ശശി തരൂർ. മുസ്ലീം ലീഗിനെയും ആർ.എസ്.പിയെയും കൂട്ട് പിടിച്ച് കേരളത്തിൽ കരുത്ത് കാട്ടാനാണ് നീക്കം. പ്രമുഖ ലീഗ് നേതാക്കളുടെ ആശിര്‍വാദത്തോടെയാണ് തരൂർ നീങ്ങുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തരൂർ ഇപ്പോൾ പ്രഖ്യാപിച്ച മലബാര്‍ പര്യടനത്തിന് ശേഷം കൂടുതൽ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാനാണ് തീരുമാനം.
നവംബർ 20 മുതൽ നാല് ദിവസം നീളുന്ന തരൂരിന്റെ മലബാര്‍ പര്യടനം മുൻ നിർത്തി യാത്ര തുടങ്ങും മുൻപ് തന്നെ അഭ്യൂഹങ്ങളും ശക്തമാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിനേക്കാൾ തരൂർ ലക്ഷ്യമിടുന്നത് നിയമസഭാ തിരഞ്ഞെടുപ്പാണ്. യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുകയാണ് ആത്യന്തികമായ ലക്ഷ്യം.
ഗവർണ്ണറെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിലും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടിലും ശക്തമായ പ്രതിഷേധമുള്ള മുസ്ലീം ലീഗ് പിടിച്ചു നിൽക്കാൻ ഒരു കച്ചിത്തുരുമ്പായാണ് തരൂരിനെ കാണുന്നത്. ഏത് നിമിഷം ലീഗ് പിളരുമെന്നും ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് പോകുമെന്നുമുള്ള ഭയം പാണക്കാട്ടെ കുടുംബത്തിനുണ്ട്.
എം.കെ മുനീർ – കെ എം ഷാജി വിഭാഗമാണ് യു.ഡി.എഫിൽ ഉറച്ചു നിൽക്കാൻ ആഗ്രഹിക്കുന്നത്. ശശി തരൂരിനെ മുൻ നിർത്തിയാൽ അടുത്ത തവണ ഭരണം ലഭിക്കുമെന്ന തോന്നലെങ്കിലും ഉണ്ടാക്കാൻ കഴിയുമെന്നാണ് ഈ വിഭാഗം കരുതുന്നത്. തരൂരിന്റെ പ്രതിച്ഛായ വോട്ടാകുമെന്ന വിലയിരുത്തലിലാണ് സകല കരുനീക്കങ്ങളും നടന്നിരിക്കുന്നത്.
ഇതിനായി എല്ലാ സഹായവും ലീഗ് ഉന്നതൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുക കോൺഗ്രസ്സ് ഹൈക്കമാന്റാണ്. ഡൽഹിയിലെ തരൂർ ഭീഷണി ഒഴിവാക്കാൻ അദ്ദേഹത്തെ കേരളത്തിൽ ‘തളച്ചിടാനുള്ള ‘ ശ്രമങ്ങൾക്ക് നെഹറു കുടുംബവും പിന്തുണയ്ക്കാനാണ് സാധ്യത.
രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെയും കേരളത്തിൽ ശശി തരൂരിനെയും ഉയർത്തി കൊണ്ടുവരണമെന്നതാണ് രാഹുർ ഗാന്ധി ആഗ്രഹിക്കുന്നത്. കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെ ആശങ്കയിലാഴ്ത്തുന്ന നീക്കങ്ങളാണിത്. തരൂരിനെതിരെ ശക്തമായ നിലപാടെടുത്ത രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ സുധാകരൻ എന്നിവരുടെ സ്വപ്നങ്ങളും തരൂർ കളം പിടിച്ചാൽ നഷ്ടമാകും.
യു.ഡി.എഫിന് അധികാരം കിട്ടിയില്ലങ്കിൽ പ്രതിപക്ഷ നേതാവാകാൻ പോലും ഇനി ഈ മൂന്നു പേർക്കും കഴിഞ്ഞെന്നു വരികയില്ല. യു.ഡി.എഫ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുമ്പോൾ ലീഗ് ഒരു നിലപാട് പറഞ്ഞാൽ അത് തള്ളിക്കളയാൻ കോൺഗ്രസ്സിനു കഴിയുകയില്ല.
സാധാരണ ഇത്തരം കാര്യങ്ങളിൽ ഇടപെടാതെ മാറി നിൽക്കുന്ന ലീഗ് നേതൃത്വം മാറിയ സാഹചര്യത്തിൽ കോൺഗ്രസ്സിൽ നിന്നും ആര് നേതൃസ്ഥാനത്ത് വരണമെന്നതിലും തീരുമാനം പറയുമെന്ന നിലപാടിലാണ് ഉള്ളത്.
അതായത് ലീഗ് യു.ഡി.എഫിൽ തുടരണമെങ്കിൽ വലിയ വിട്ടുവീഴ്ച കോൺഗ്രസ്സ് ചെയ്യേണ്ടി വരുമെന്ന് വ്യക്തം. ലോകസഭ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടാൽ പ്രതിപക്ഷ നേതാവ് കെ.പി.സി.സി അദ്ധ്യക്ഷൻ എന്നിവർ മാറണമെന്ന നിലപാട് ലീഗ് സ്വീകരിക്കും. അവിടെയാണ് ശശി തരൂരിന്റെയും സാധ്യത വർദ്ധിക്കുന്നത്.
മലബാർ പര്യടനത്തിനിറങ്ങുന്ന തരൂർ ആദ്യം എത്തുന്നത് പാണക്കാട്ടേക്കാണ് കോൺഗ്രസ്സുമായി ഇടഞ്ഞ ലീഗ് നേതാക്കളെ കാണുകയാണ് ലക്ഷ്യം. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഇതിനു പിന്നാലെ നടക്കും.
എന്‍എസ്എസിനും സ്വീകാര്യനായെന്ന സൂചന നൽകാൻ മന്നം ജയന്തിയില്‍ തരൂർ മുഖ്യ അതിഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്. ഇതും രമേശ് ചെന്നിത്തലയെ സംബന്ധിച്ച് തിരിച്ചടിയാണ്.
എഐസിസിയും കെപിസിസിയും അറിയാതെയുള്ള തരൂരിന്റെ യാത്രക്ക് വലിയ രാഷ്ട്രീയ പ്രധാന്യമാണ് മാധ്യമങ്ങളും നൽകുന്നത്. കോൺഗ്രസ്സ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന്റെ ഭീഷണി അവഗണിച്ച് തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവന്‍ എംപിയാണ് മലബാറിലെ തരൂരിന്റെ പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്.
ഹൈബി ഈഡൻ കെ.എസ്. ശബരീനാഥ് തുടങ്ങിയ നേതാക്കളും തരൂരിനൊപ്പമാണ് ഉള്ളത്. തരൂരിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന ആവശ്യം ലീഗും ഉയർത്തുന്നതോടെ കോൺഗ്രസ്സാണ് ശരിക്കും കലങ്ങാൻ പോകുന്നത്. ഇതിനിടെ മുൻ നിലപാട് മാറ്റി കെ മുരളീധരനടക്കം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും തരൂരിനെ പോത്സാഹിപ്പിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.
തരൂരിന് പ്രത്യേകിച്ച് ദൗത്യമൊന്നും ഏല്‍പിച്ചിട്ടില്ലെന്ന എഐസിസിയുടെ പ്രതികരണമൊന്നും തരൂരിനൊപ്പമുള്ള നേതാക്കളിൽ ഏശിയിട്ടില്ല. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ ശശി തരൂര്‍ കെ.സി വേണുഗോപാൽ വിഭാഗത്തെ സംബന്ധിച്ച് ഇപ്പോഴും പടിക്ക് പുറത്ത് തന്നെയാണ്.
തെരഞ്ഞെടുപ്പിന് ശേഷം നടന്ന പാര്‍ട്ടി പുനസംഘടനകളിലൊന്നിലും തരൂരിനെ പരിഗണിക്കാതിരുന്നതും കെ.സി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണ്. ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നു പോലും തരൂരിനെ നേതൃത്വം മാറ്റി നിര്‍ത്തുന്ന സാഹചര്യമുണ്ടായി.
ഇനി നടക്കാനിരിക്കുന്ന പുനസംഘടനയോടെ പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തരൂർ എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നതെങ്കിലും അവിടെയും എതിർപ്പുകൾ ശക്തമാകാൻ തന്നെയാണ് സാധ്യത. ഇവിടെയാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട് നിർണ്ണായകമാകാൻ പോകുന്നത്. ലീഗിനെ സംബന്ധിച്ച് ഭരണമില്ലാതെ വീണ്ടും ഒരു അഞ്ചു വർഷം എന്നത് തന്നെ ആത്മഹത്യാപരമാണ്. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്.
EXPRESS KERALA VIEW