തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. പാര്‍ട്ടി പറഞ്ഞതിനാലാകാം രാജഗോപാല്‍ നിലപാട് മാറ്റിയതെന്ന് തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹം തന്റെ കയ്യില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ ബി.ജെ.പിയില്‍ നിന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം ഒരു സന്യാസജീവിതം നയിക്കുന്ന വ്യക്തിയാണ്. പരസ്പര ബഹുമാനത്തോടെയാണ് അദ്ദേഹത്തോട് മത്സരിച്ചത്. രാഷട്രീയത്തില്‍ എന്നെക്കാള്‍ എത്രയോ സീനിയറായി നില്‍ക്കുന്ന വ്യക്തിയെ ഞാന്‍ ബഹുമാനിച്ചു. അദ്ദേഹവും അതേ മര്യാദയില്‍ ബഹുമാനിച്ചു. അവസാനം തീരുമാനമെടുക്കേണ്ടത് വോട്ടര്‍മാരാണ്.
രാജ്യം മുഴുവന്‍ ബി.ജെ.പിക്ക് എതിരായി നില്‍ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. തന്റെ എഴുത്തുകളും പ്രസംഗങ്ങളും പരിശോധിച്ചാല്‍ തന്റെ നിലപാട് വ്യക്തമാകും. ഇടതുപക്ഷത്തുള്ളവര്‍ പത്ത് വര്‍ഷമായി താന്‍ ബി.ജെ.പിയിലേക്ക് ചാടുമെന്ന് പറയുന്നു – അദ്ദേഹം ചൂണ്ടിക്കാട്ടി.ശശി തരൂരിനെ പ്രകീര്‍ത്തിച്ച രാജഗോപാല്‍ തന്റെ പ്രസംഗം വാര്‍ത്തയായതിന് പിന്നാലെ തന്റെ നിലപാട് മാറ്റിയിരുന്നു. തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് പ്രസംഗത്തില്‍ പറഞ്ഞ രാജഗോപാല്‍ പിന്നാലെ താന്‍ അത് പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്നും അവിടെ ബിജെപി തന്നെ വിജയിക്കുമെന്നും വ്യക്തമാക്കി.
അതിനിടെ, സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ഒരു ക്രിമിനലിനെ പോലെ പുലര്‍ച്ചെ അദ്ദേഹത്തെ വീട്ടിലെത്തി വിളിച്ചുകൊണ്ടുപോകുന്നത് അര്‍ഥമില്ലാത്ത കാര്യമാണെന്ന് തരൂര്‍ പറഞ്ഞു. ഇത് തീരെ ശരിയായില്ല. പ്രതിഷേധിക്കുന്നത് ജനാധിപത്യത്തില്‍ സാധാരണയാണ്. മനപൂര്‍വമായ പ്രകോപനത്തിനാണോ അവര്‍ ശ്രമിക്കുന്നതെന്നാണ് തന്റെ സംശയം.
രാഷ്ട്രീയ നിര്‍ദേശമനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയത്തിന്റെ കളിയാണ് അവര്‍ കളിക്കുന്നത്. ഇതിനുള്ള ഉത്തരം ജനാധിപത്യപരമായി തന്നെ നല്‍കണം. ഒരു ഗുണ്ടയപ്പോലെയാണ് അദ്ദേഹത്തോട് അവര്‍ പെരുമാറിയത്. വേദിയില്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഇരിക്കുമ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ അവര്‍ കണ്ണീര്‍വാതകം ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തിരിക്കുന്നു.
എനിക്ക് നല്ല സംശമുണ്ട് ഞങ്ങളെ കുത്തിയിളക്കി വിട്ടിട്ട് കോണ്‍ഗ്രസ് തിരിച്ചടിക്കട്ടെ എന്നാണ് അവരുടെ ആഗ്രഹമെന്ന്. മനപൂര്‍നമായ രാഷ്ട്രീയ സന്ദേശമാണ് അവര്‍ ഉദ്ദേശിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ജനങ്ങളാണ് മറുപടി നല്‍കേണ്ടത്. ഇത്തരം രാഷട്രീയ കളികള്‍ തങ്ങള്‍ സ്വീകരിക്കില്ലെന്ന് വോട്ട് ചെയ്ത് അവരെ അറിയിക്കണം, തരൂര്‍ പറഞ്ഞു.