tharoor seat-kerala congress

പാലക്കാട്: തരൂര്‍മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദനം നല്‍കി കേരള കോണ്‍ഗ്രസ് ജേക്കബ് നേതാക്കള്‍ കോഴ വാങ്ങിയെന്നാരോപണം. ടിയുസിസി സംസ്ഥാന സെക്രട്ടറി കെപി അനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ 10 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് ആരോപണം.

ടിയുസിസി സംസ്ഥാന പ്രസിഡണ്ട് കെഎം സുബൈറാണ് ആരോപണമുന്നയിച്ചത്. സ്ഥാനാര്‍ത്ഥിയാക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ആരോപണം. അഡ്വാന്‍സായി പത്തു ലക്ഷം രൂപ ജില്ലാ പ്രസിഡണ്ട് വിഡി ജോസഫിന് നല്‍കിയതായും സുബൈര്‍ആരോപിച്ചു.ടിയുസിസിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന വ്യവസ്ഥയിലാണ് ഇത്തരമൊരു ധാരണയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു

എന്നാല്‍ തരൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയതോടെ ജേക്കബ് ഗ്രൂപ്പില്‍നിന്നും കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തതാണ് ധാരണ പൊളിയാന്‍ കാരണമായത്. അതുകൊണ്ടുതന്നെ സീറ്റിനായി കൊടുത്ത പണം തിരിച്ചുവാങ്ങുമെന്നും സുബൈര്‍ വ്യക്തമാക്കി. ജോണി നെല്ലൂരുള്‍പ്പടെയുള്ളവര്‍ കബളിപ്പിച്ചതായി അനില്‍കുമാറും ആരോപിച്ചു.

യുഡിഎഫ് സീറ്റ് കിട്ടിയില്ലെങ്കിലും തരൂരില്‍ മത്സരിച്ച് ജനങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് അനില്‍ കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണങ്ങള്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ജില്ലാ നേതാക്കള്‍ നിഷേധിച്ചു.

Top