കൊച്ചി: ജാതിയല്ല കഴിവാണ് പ്രധാനമെന്ന് ശശി തരൂര്‍. ജാതീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തെറ്റാണ്. തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല.അത് പറഞ്ഞവരോട് ചോദിക്കണമെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും തരൂര്‍ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായുള്ള കൂടിക്കാഴ്‍ച്ചക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം.
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടു. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്നും സജീവമായി ഇനി കേരളത്തില്‍ ഉണ്ടാവുമെന്നുമായിരുന്നു തരൂരിന്റെ മറുപടി. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന സൂചന ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ് തരൂര്‍. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയുമെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
അതേസമയം കോണ്‍ഗ്രസിനെതിരെ കാതോലിക്കാ ബാവാ വിമര്‍ശനം ഉന്നയിച്ചു. തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ അപജയം. കൂട്ടായ്മ നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ തുടര്‍പരാജയങ്ങള്‍ക്ക് വഴിവെച്ചു. കേരളത്തിലെ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും ബാവ പറഞ്ഞു.