ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന എന്‍ 95 മാസ്‌കുകള്‍ അണുവിമുക്തമാക്കാന്‍ ഇലക്ട്രിക് കുക്കറുകള്‍ ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. ഇത്തരം മാസ്‌കുകളുടെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടു തന്നെ അണുവിമുക്തമാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് കുക്കറുകള്‍ ഉപയോഗിച്ച് 100 ഡിഗ്രി സെല്‍ഷ്യസില്‍ 50 മിനിറ്റ് ചൂടാക്കിയാല്‍ മാസ്‌കുകള്‍ പൂണമായും അണുവിമുക്തമാകുകയും പൂര്‍ണ കാര്യക്ഷമതയോടെ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും. എന്‍ 95 പോലുള്ള മാസ്‌കുകള്‍ ഉപയോഗിക്കുന്നതിലൂടെ പുറത്തുനിന്നുള്ള വൈറസ് കലര്‍ന്ന കണങ്ങള്‍ ധരിക്കുന്ന ആളുടെ ഉള്ളിലെത്താതെ തടയാനാവും.
മാസ്‌കുകളെ അണുവിമുക്തമാക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ഈ മാര്‍ഗങ്ങളില്‍ പലതും വായുവിനെ അരിച്ച് ഉള്ളിലേയ്ക്കെടുക്കാനുള്ള മാസ്‌കിന്റെ ശേഷിയും മുറുക്കവും നഷ്ടപ്പെടുത്തും. ഈ ശേഷി നിലനിര്‍ത്തിക്കൊണ്ട് മാസ്‌കുകളെ അണുവിമുക്തമാക്കാനുള്ള മാര്‍ഗമാണ് ഗവേഷകര്‍ കണ്ടെത്തിയത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും വീടുകളില്‍ ഇത്തരം മാക്സുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത് ഏറെ സഹായകമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി ലെറ്റേഴ്സ് എന്ന ജേണലിലാണ് അമേരിക്കന്‍ ഗവേഷകരുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.