കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനത്തില്‍ പ്രതികരിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഫിയോക്കിന്റെ സമരപ്രഖ്യാപനം പത്ര–ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. മലയാള സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കില്ല എന്നാണ് ഫിയോക് പറയുന്നത്. അത് അങ്ങേയറ്റം അപലപനിയവും പ്രതിഷേധാര്‍ഹവുമാണെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മലയാള സിനിമയോട്, അതില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരോട്, തൊഴിലാളികളോട്, നടീനടന്മാരോട്, മലയാള സിനിമയുടെ മഹത്തായ ചരിത്രത്തോട്, മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോട്, മാതൃഭാഷാ സ്‌നേഹികളോട്, പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിത്. അങ്ങേയറ്റം നിന്ദ്യമായ ഈ നിലപാട് പുന: പരിശോധിക്കണമെന്ന് ഫിയോക്കിനോട് അഭ്യര്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
22ന് മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഇത് കൂടാതെ ഷെയറിങ് രീതികളില്‍ മാറ്റം വരുത്തണം, പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷന്‍, പേസ്റ്റിങ് ചാര്‍ജ് എന്നിവ പൂര്‍ണ്ണമായും നിര്‍ത്തലാക്കണം, വിപിഎഫ് ചാര്‍ജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നല്‍കണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ്.