”വെളുക്കാൻ തേച്ചത് പാണ്ടായ”അവസ്ഥ, രാജ്യത്തെ കോൺഗ്രസ്സിന്റെ സ്ഥിതി അതാണ്

കോണ്‍ഗ്രസ്സിന് ഇത് കഷ്ടകാലമാണ്. തൊടുന്നതെല്ലാം പിഴക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലും ദൃശ്യമാകുന്നത്. പഞ്ചാബില്‍ ഭരണം നിലനിര്‍ത്താനാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദര്‍ സിംഗിനെ മാറ്റിയിരുന്നത്. നവജ്യോത് സിംഗ് സിദ്ദുവിനെ പി.സി.സി പ്രസിഡന്റാക്കിയതും ഭരണ തുടര്‍ച്ച പ്രതീക്ഷിച്ചു തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഈ രണ്ടു പേരും പാര്‍ട്ടി വിട്ട അവസ്ഥയാണുള്ളത്. അമരീന്ദര്‍ സിംഗിനെ ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. സിദ്ദു ആഗ്രഹിക്കുന്നതാകട്ടെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുക എന്നതാണ്. ഇത് രണ്ടും സംഭവിച്ചാലും ഇല്ലങ്കിലും ഒരു കാര്യം ഉറപ്പാണ്. പഞ്ചാബ് ഭരണവും കോണ്‍ഗ്രസ്സിന് നഷ്ടപ്പെടാനാണ് പോകുന്നത്.

ഈ ടെന്‍ഷന്‍ കനയ്യ കുമാറിനെ സ്വീകരിക്കുന്ന ചടങ്ങില്‍ കെ.സി വേണുഗോപാലിന്റെ മുഖത്തും പ്രകടമായിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടാല്‍ കെ.സിയുടെ കസേരയും ഇളകും രാഹുലിന്റെ ഉപദേശകരാണ് പഞ്ചാബിലെ കോണ്‍ഗ്രസ്സിനെ തകര്‍ത്തതെന്നാണ് അമരീന്ദര്‍ സിംഗ് തുറന്നടിച്ചിരിക്കുന്നത്. പുതിയ ആഭ്യന്തര മന്ത്രിയെ നിയമിച്ചതില്‍ സിദ്ദുവിഭാഗം പ്രതിക്കൂട്ടിലാക്കുന്നതും സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ തന്നെയാണ്. പഞ്ചാബിലെ കോണ്‍ഗ്രസ്സ് വിവിധ വിഭാഗങ്ങളായി ചേരിതിരിഞ്ഞ സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ സാധ്യതയാണ് ഇവിടെ വര്‍ദ്ധിച്ചിരിക്കുന്നത്. അമരീന്ദര്‍ സിംഗ് എത്തുന്നത് ബി.ജെ.പിക്കാണ് ശക്തി പകരുക. കര്‍ഷക രോക്ഷമാണ് ബി.ജെ.പി പഞ്ചാബില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് അനുകൂലമാക്കിയാണ് ആംആദ്മി പാര്‍ട്ടിയും കരുക്കള്‍ നീക്കുന്നത്.

അതേസമയം അരവിന്ദ് കെജരിവാളിന്റെ പഞ്ചാബ് സന്ദര്‍ശനം കോണ്‍ഗ്രസ്സിന്റെ ഉറക്കമാണിപ്പോള്‍ കെടുത്തിയിരിക്കുന്നത്. ഗുജറാത്തിലും ഗോവയിലും ഹരിയാണയിലും എല്ലാം കോണ്‍ഗ്രസ്റ്റിന് വെല്ലുവിളിയാകുന്നതും ആം ആദ്മി പാര്‍ട്ടിയാണ്. കെജരിവാളിന്റെ ഈ പാര്‍ട്ടി പിടിക്കുന്ന വോട്ടുകളാണ് ഈ സംസ്ഥാനങ്ങള്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ പോകുന്നത്. അതേസമയം കനയ്യകുമാര്‍ എത്തിയത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. രാജ്യ വ്യാപകമായി കനയ്യയെ സ്റ്റാര്‍ ക്യാംപയനറാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. എന്നാല്‍ അധികാര മോഹിയായി കനയ്യയെ ചിത്രീകരിക്കാനാണ് എതിര്‍ വിഭാഗം ശ്രമിക്കുന്നത്. കനയ്യയുടെ വിലപേശലിന് നിന്നു കൊടുക്കാത്തത് കൊണ്ടാണ് കനയ്യ പാര്‍ട്ടി വിട്ടതെന്നാണ് സി.പി.ഐയും തുറന്നടിച്ചിരിക്കുന്നത്.

കേരളത്തിലും ഇടതുപക്ഷത്തിനെതിരെ കനയ്യകുമാറിനെ ആയുധമാക്കാനുള്ള നീക്കത്തിനെതിരെ ഒരു മുഴം മുന്‍പേയാണ് സി.പി.ഐയും ഇപ്പോള്‍ എറിഞ്ഞിരിക്കുന്നത്. കനയ്യകുമാര്‍ വന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും കോണ്‍ഗ്രസ്സിന് ഉണ്ടാകില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. താല്‍ക്കാലികമായി ചില ഓളങ്ങള്‍ ഉണ്ടാക്കി പിടിച്ചു നില്‍ക്കാനുള്ള ടീം രാഹുലിന്റെ നീക്കമായാണ് ‘ ഈ ചെപ്പടി വിദ്യകളെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനത്തും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് വിജയ സാധ്യത ഇല്ലന്നതാണ് യാഥാര്‍ത്ഥ്യം. യു.പിയില്‍ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാലും പിടിച്ചു നില്‍ക്കുക പ്രയാസകരമാണ്.

ഈ സാഹചര്യത്തില്‍ ടീം രാഹുലിന്റെ അവസ്ഥയാണ് കൂടുതല്‍ പരുങ്ങലിലാകുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞാല്‍ അത് കോണ്‍ഗ്രസ്സിലെ തിരുത്തല്‍ വാദികള്‍ക്കാണ് ശക്തി പകരുക. സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ.സി വേണുഗോപാലാണ് ആദ്യം തെറിക്കുക. തൊട്ടതെല്ലാം കുളമാക്കിയ നേതാവ് എന്ന ഇമേജാണ് നിലവില്‍ കെ.സിക്കുള്ളത്. ഭരണം കിട്ടിയിരുന്ന കര്‍ണ്ണാടക ഗോവ മധ്യപ്രദേശ് പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്നത് സംഘടനാ ജനറല്‍ സെക്രട്ടറിയുടെ കഴിവുകേടായാണ് കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

അടുത്ത തിരഞ്ഞെടുപ്പില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ കെ.സിയെ കേരളത്തിലേക്ക് ”പായ്ക്ക് ‘ ചെയ്യാനാണ് സാധ്യത. കേരളത്തിലും കെ.സിയുടെ നില ഇപ്പോള്‍ പരുങ്ങലിലാണ്. തിരഞ്ഞെടുപ്പില്‍ എവിടെ മത്സരിച്ചാലും എ – ഐ ഗ്രൂപ്പുകള്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. കെ.സി ഇടപ്പെട്ട് അധികാരം ഏല്‍പ്പിച്ച കെ.സുധാകരന്റെയും വി.ഡി സതീശന്റെയും അവസ്ഥയും നിലവില്‍ പരിതാപകരമാണ്.

വി.എം സുധീരന്‍ കൂടി എതിരായതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് പുതിയ നേതൃത്വമുള്ളത്. ഗ്രൂപ്പുകള്‍ പാരവയ്ക്കുന്നതിനാല്‍ സംസ്ഥാനത്തെ സംഘടനാ പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു കൂടി കെ.സി തെറിച്ചാല്‍ നിലവില്‍ ഒപ്പമുള്ളവര്‍ പോലും സതീശനെയും സുധാകരനെയും കൈവിടും. ഇത്തരമൊരു സാഹചര്യമാണ് എ- ഐ ഗ്രൂപ്പുകളും നിലവില്‍ ആഗ്രഹിക്കുന്നത്.

EXPRESS KERALA VIEW

Top