രാജ്യത്തെ വിസ്മയിപ്പിച്ച മഹാപ്രതിഭ, അറിയണം ഇതും

ന്ത്യന്‍ സംഗീത ലോകത്തെ നാദസൂര്യന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കണ്ണീര്‍ പ്രണാമം. ആത്മാവുകള്‍ തൊട്ടറിഞ്ഞ ആ നാദം നിലക്കുകയില്ല അത് അനന്തമായി ഒഴുകും. മനുഷ്യരാശി ഉള്ളിടത്തോളം ആ കണ്ഠത്തില്‍ നിന്നുയര്‍ന്ന സംഗീത പ്രവാഹം ജനം ഏറ്റു പാടും. ഇന്ത്യന്‍ സംഗീത പ്രേമികളെ മുഴുവന്‍ നടുക്കുന്ന തരത്തില്‍ ഉള്ളതാണ് എസ് പി ബിയുടെ വിടവാങ്ങല്‍. നാലു പതിറ്റാണ്ടിനു മുകളില്‍ ഇന്ത്യന്‍ സിനിമാ സംഗീത രംഗത്ത് നിറഞ്ഞു നിന്നു ഈ മഹാപ്രതിഭ. സംഗീതം തന്റെ ജീവവായുവായി ആവാഹിച്ച ഈ വിസ്മയം നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ ഇന്ത്യന്‍ സംഗീത ശാഖക്ക് സമ്മാനിച്ചു.

1966 ല്‍ പുറത്തിറങ്ങിയ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. അന്നു മുതല്‍ ഇന്നീ കാലയളവ് വരെ പതിനൊന്നോളം ഭാഷകളില്‍ അദ്ദേഹം തന്റെ നാദ സാന്നിധ്യമറിയിച്ചു. കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച റെക്കോര്‍ഡും സ്വന്തമാക്കി. ഇതിനൊപ്പം മാറ്റുകൂട്ടുവാന്‍ ഏറ്റവും കൂടുതല്‍ സിനിമാ ഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് റെക്കോര്‍ഡും എസ്.പി.ബിക്ക് സ്വന്തമാണ്. ഇതിനൊപ്പം ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡിങ്ങിനായി പാടിയ റെക്കോര്‍ഡും ഇദ്ദേഹത്തിന് സ്വന്തമാണ്.

കന്നട സംഗീത സംവിധായകന്‍ ഉപേന്ദ്ര കുമാറിന് വേണ്ടി അദ്ദേഹം പന്ത്രണ്ടു മണിക്കൂറുകള്‍ കൊണ്ട് പാടി റെക്കോര്‍ഡ് ചെയ്തത് ഇരുപത്തി ഒന്നോളം ഗാനങ്ങളായിരുന്നു. തമിഴ് ചിത്രത്തിന് വേണ്ടി ഒരു ദിവസം പത്തൊന്‍പത് ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക ുവേണ്ടി പതിനാറു ഗാനങ്ങളും അദ്ദേഹം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. പുരസ്‌കാരങ്ങള്‍ വാരികൂട്ടുന്നതിലും ഒട്ടും പിന്നില്‍ അല്ലായിരുന്നു ഈ സംഗീത സൗകുമാര്യം. നാല് ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടി. രാജ്യത്തിന്റെ പരമോന്നത ബഹുമതികളായ പദ്മശ്രീ, പദ്മഭൂഷന്‍ എന്നിവയും അദ്ദേഹം നേടി. കൂടാതെ മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് ഇരുപത്തിനാല് തവണയാണ് എസ്.പി.ബിയെ തേടിയെത്തിയത്.

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകന്‍ എന്ന ബഹുമതിയും എസ്.പി.ബിക്ക് സ്വന്തമാണ്. തെലുഗു, കന്നട, തമിഴ് ഭാഷകളിലായി 72 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഗായകന്‍ അഭിനേതാവ് എന്നീ മേഖലകള്‍ക്ക് പുറമേ മികച്ച ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന പേരിലും എസ്.പി.ബി അറിയപ്പെട്ടു. പിന്നീട് എസ് പി അവതരിച്ചത് മറ്റൊരു വേഷത്തില്‍ ആയിരുന്നു. തെലുങ്കു സംവിധായകന്‍ ദാസരി നാരായണറാവു വിന്റെ കന്യാകുമാരി എന്ന ചിത്രത്തിലൂടെ എസ്.പി. ബി ആദ്യമായി സംഗീത സംവിധായകന്റെ മേലാങ്കി അണിഞ്ഞു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായതോടെ തൊട്ടതെല്ലാം പൊന്നാക്കുന്ന അതുല്യപ്രതിഭ ആയി മാറി എസ്.പി ബാലസുബ്രഹ്മണ്യം.

ഇതിനെല്ലാം മുകളിലായി ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെ ഇന്ത്യന്‍ സംഗീത ലോകത്തെ മുടിചൂടാ മന്നനായി അദ്ദേഹം എന്നത് ഒരു അത്ഭുതമാണ്. ഒപ്പം നാല്‍പ്പത് വര്‍ഷം ആ മേഖലയില്‍ നിലനില്‍ക്കുക എന്നതും വാക്കുകള്‍ക്ക് അതീതം. ഇനി ഈ ഇതിഹാസം ഭൂമിയില്‍ ഇല്ല. കോവിഡ് മഹാമാരി ലോകമെമ്പാടും കലിതുള്ളി പെയ്തിറങ്ങുമ്പോള്‍ ലക്ഷക്കണക്കിന് ജീവനുകള്‍ക്കൊപ്പം ലോകത്തിന് നഷ്ടമായത് നാഥസംഗീത സൂര്യനെ. ശതകോടി പ്രണാമം എസ്. പി. ബി.

Top