കൊച്ചി: തട്ടേക്കാട് ബോട്ട് ദുരന്ത കേസിലെ പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്റെ തടവ് ശിക്ഷ ഹൈക്കോടതി രണ്ട് വര്‍ഷമായി കുറച്ചു. 18 പേരാണ് തട്ടേക്കാട് ദുരന്തത്തില്‍ മരണമടഞ്ഞത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി ഇപ്പോള്‍ ഇളവ് ചെയ്തിരിക്കുന്നത്.
തട്ടേക്കാട് ബോട്ടുദുരന്തം റോഡ് അപകടങ്ങള്‍ പോലെ സംഭവിച്ച ഒന്നാണ്. അതിനാല്‍ ബോട്ട് ഉടമ കൂടിയായ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2007 ഫെബ്രുവരി 20 നായിരുന്നു പതിനഞ്ച് സ്‌കൂള്‍ കുട്ടികളും മൂന്ന് അധ്യാപകരും തട്ടേക്കാട് മുങ്ങി മരിച്ചത്. ബോട്ടില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേരെ കയറ്റിയതായിരുന്നു അപകടകാരണമെന്നാണ് കണ്ടെത്തല്‍.