കൊട്ടിയം: കൊട്ടിയെ തഴുത്തലയില്‍ എ.ടി.എം. തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്നത് രാജസ്ഥാനില്‍ നിന്നെത്തിയ സംഘമാണെന്ന് പൊലീസ്. നിരീക്ഷണ ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പ്രകാരമാണ് മോഷ്ടാക്കള്‍ രാജസ്ഥാന്‍ കാരാണെന്ന് പൊലീസിന് വ്യക്തമായത്. മോഷണത്തിനായി ഇവര്‍ എത്തിയ കാറിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ സംസ്ഥാനം വിടാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊട്ടിയം മുതല്‍ കണ്ണനല്ലൂര്‍ വരെ റോഡരികിലുള്ള ഏതാനും സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകളില്‍നിന്നാണ് മോഷ്ടാക്കള്‍ എത്തിയ കാറിനെക്കുറിച്ച് സൂചന ലഭിച്ചത്. നാലംഗസംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. മുഖം ടൗവലിട്ട് മറച്ച് നീല ജീന്‍സ് പാന്റും നീല ചെക്ക് ഷര്‍ട്ടും ക്യാന്‍വാസ് ഷൂവും ധരിച്ച യുവാവ് എ.ടി.എം. കൗണ്ടറില്‍ കടന്ന് ക്യാമറ തകര്‍ക്കുന്ന ദൃശ്യം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. മറ്റ് രണ്ടുപേരുടെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
എ.ടി.എം. മെഷീനുകള്‍ നിര്‍മിക്കുന്ന കമ്പനികളുമായി ബന്ധമുള്ളവര്‍ക്കു മാത്രമേ ഇത്തരത്തില്‍ തകര്‍ക്കാന്‍ കഴിയൂവെന്നാണ് പൊലീസിന്റെ നിഗമനം. സംസ്ഥാനത്ത് മുന്‍പ് ഇത്തരത്തില്‍ എ.ടി.എം. കൊള്ള നടന്നിട്ടുള്ള സ്ഥലങ്ങളില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളും തഴുത്തലയില്‍നിന്നു ലഭിച്ച വിരലടയാളങ്ങളും പോലീസ് പരിശോധിച്ചുവരുകയാണ്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷണം നടത്തുന്നത് ഉത്തരേന്ത്യക്കാരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നു മണിക്കാണ് കൊട്ടിയം കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തലയിലുള്ള ഇന്ത്യാ വണ്‍ എ.ടി.എം. തകര്‍ത്ത് ആറുലക്ഷത്തില്‍പ്പരം രൂപ കവര്‍ന്നത്. കമ്മിഷന്‍ വ്യവസ്ഥയില്‍ ബാങ്കുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടേതാണ് എ.ടി.എം.
ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അജയനാഥും എസ്.ഐ. അനൂപും മറ്റ് സ്റ്റേഷനുകളില്‍നിന്ന് തിരഞ്ഞെടുത്ത പോലീസുകാരും ഷാഡോ പോലീസും അടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്.