സംസ്ഥാനത്തെ 1603 സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാകുന്നു

തിരുവനന്തപുരം: ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലായി സംസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് 112.27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളായി ഉയര്‍ത്തുന്നതിന് ആദ്യ ഘട്ടമായി 66.27 കോടി രൂപയും ആവശ്യമായ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. വഴി ലഭ്യമാക്കുന്നതിന് 46 കോടി രൂപയും ഉള്‍പ്പെടെയാണ് ഈ തുകയനുവദിച്ചത്. സെന്ററുകളുടെ നവീകരണത്തിനായി 7 ലക്ഷം രൂപയും പ്രാഥമിക ലാബ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു ലക്ഷവും ഉള്‍പ്പെടെ 8 ലക്ഷം രൂപയാണ് ഓരോ സബ് സെന്ററിനും അനുവദിച്ചിരിക്കുന്നത്.

വെല്‍നെസ് സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് 1603 മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ബി.എസ്.സി. നഴ്‌സുമാരെയാണ് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായി നിയമിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതിന് പുറമേ സബ് സെന്ററുകള്‍ കൂടി വെല്‍നസ് സെന്ററുകളാകുന്നതോടെ പ്രാഥമിക തലത്തില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി മാറുന്നതോടെ വലിയ സേവനങ്ങളാണ് ലഭ്യമാക്കാനാകുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങള്‍, വൈകുന്നേരം വരെയുള്ള ആരോഗ്യ സേവനങ്ങള്‍, ലാബ് സൗകര്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പകര്‍ച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് കെയര്‍, ശ്വാസ് ആശ്വാസ് ക്ലിനിക് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകുന്നു. വരുന്ന ഡിസംബര്‍ മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top