അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. മാലിയും ഘാനയും തമ്മിലാണ് ആദ്യ മത്സരം നടക്കുക.
രണ്ടാം ക്വാര്‍ട്ടറില്‍ അമേരിക്ക ഇംഗ്ലണ്ടിനെ നേരിടും. മൂന്നാം ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ ഇറാനെയും, അവസാന ക്വാര്‍ട്ടറില്‍ ജര്‍മനി ബ്രസീലിനെയും നേരിടും.
ആദ്യ ക്വാര്‍ട്ടറില്‍ മാലിക്ക് എതിരാളികളായി എത്തുന്ന ഘാനയും കരുത്തന്മാര്‍ തന്നെ. ഇറാഖിനെതിരെ മികച്ച ഗോള്‍ വേട്ട കാഴ്ച വച്ചവരാണ് മാലി. നൈജറിനെ മികച്ച രീതിയില്‍ മറികടന്നാണ് ഘാനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ഗുവാഹത്തിയില്‍ ഇന്ന് വൈകീട്ട് അഞ്ചിനാണ് മത്സരം.
രാത്രി എട്ടിന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ അമേരിക്ക ഇംഗ്ലണ്ടിനെ നേരിടും. പരാഗ്വെയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അമേരിക്ക ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. ജപ്പാനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചാണ് ഇംഗ്ലണ്ട് കയറിയത്.
നാളെ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന മൂന്നാം ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ ഇറാനുമായി ഏറ്റുമുട്ടും. കരുത്തരായ ഫ്രാന്‍സിനെ തോല്‍പ്പിച്ച് എത്തിയവരാണ് സ്‌പെയിന്‍. മെക്‌സിക്കോയെ മറികടന്നാണ് ഏഷ്യന്‍ ശക്തികളായ ഇറാന്റെ ക്വാര്‍ട്ടര്‍ പ്രവേശം.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ക്വാര്‍ട്ടര്‍ മത്സരമാണ് ബ്രസീലിന്റേത്. ഞായറാഴ്ച്ച രാത്രി എട്ടിന് നടക്കുന്ന മത്സരം ബ്രസീലും ജര്‍മനിയും തമ്മിലാണ്. കൊല്‍ക്കത്തയിലാണ് ഈ വാശിയേറിയ മത്സരം നടക്കുന്നത്.