ന്യൂഡല്‍ഹി: പതിനെട്ട് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്നാരംഭിക്കുന്ന സമ്മേളനം ഓഗസ്റ്റ് 10 ന് അവസാനിക്കും. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ആദ്യദിനം പിരിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുത്തലാഖ് ബില്‍, ഒബിസി ഭരണഘടനാ ഭേദഗതി ബില്‍, വാടക ഗര്‍ഭധാരണ ബില്‍, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ തുടങ്ങിയ ബില്ലുകള്‍ ഈ സഭാ സമ്മേളനത്തിന്റെ പരിഗണനക്ക് വരും.
സഭാസമ്മേളനം സുഖകരമായി നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിഷയങ്ങളിലും പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കഴിഞ്ഞ ദിവസം നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ ഈ സഭാസമ്മേളനത്തിലും തുടര്‍ന്നേക്കും.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയ നീക്കവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ നീക്കം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപിയും കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.